Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലക്ഷ്യമായി റോഡു മുറിച്ച് കടക്കുന്നവർക്ക് പാഠമാകട്ടെ ഈ വിഡിയോ

Image Captured From Youtube Video Image Captured From Youtube Video

റോഡ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ച് ചെറു ക്ലാസുകള്‍ മുതൽ പഠിച്ചിട്ടുണ്ട്. നടക്കുമ്പോൾ റോഡിന് വലതുവശം ചേർന്ന് നടക്കുക, റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇടത്തു നിന്നും വലത്തു നിന്നും വണ്ടികളില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ നമുക്ക് അറിയാമെങ്കിൽ മിക്കപ്പോഴും അത് പാലിക്കാറുണ്ടോ എന്ന് സംശയമാണ്.

TN woman on bike hit by speeding car and thrown in air

ചിലപ്പോഴൊക്കെ അശ്രദ്ധമായ തീരുമാനങ്ങൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വരിക. അത്തരത്തിൽ ചെറിയൊരു പിഴവ് വരുത്തിയ അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച പ്രിയ എന്ന യുവതിയാണ് അപകടത്തിൽ പെട്ടത്.

അപകടം നടന്ന സ്ഥലത്തെ വ്യാപാര സമുച്ചയത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സ്കൂട്ടറിൽ‌ എത്തിയ പ്രിയ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് നോക്കുന്നുണ്ടെങ്കിലും വേഗത്തിൽ വരുന്ന കാർ ശ്രദ്ധിക്കാത്തതോ, അതോ കാർ എത്തുന്നതിന് മുന്നേ അപ്പുറം കടക്കാൻ ശ്രമിച്ചതോ എന്നു വ്യക്തമല്ല. കാർ ഇടിച്ച് സാരമായി പരിക്കുകളേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചെന്നും അപകടനില തരണം ചെയ്തെന്നുമാണ് റിപ്പോർട്ടുകൾ.

റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കു അപകടം ഒഴിവാക്കൂ

റോഡ് മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി നിരന്തരം വാർത്തകൾ കേൾക്കാറുണ്ട്. അശ്രദ്ധമായ റോഡ് മുറിച്ചു കടക്കലിലൂടെ നാം അപകടങ്ങളെ ക്ഷണിച്ച്‌ വരുത്തുകയാണ്. അല്‍പ്പം ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് അപകടങ്ങളെ അകറ്റി നിര്‍ത്താം. 

വാഹനത്തിലാണ് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ റോഡിലൂടെ മറ്റു വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ക്രോസ് ചെയ്യാൻ ശ്രമിക്കുക. ദൂരെ നിന്ന് വരുന്ന വാഹനത്തിന്റെ വേഗം നമുക്ക് നഗ്നനേത്രം കൊണ്ട് അറിയാൻ സാധിക്കണമെന്നില്ല അതുകൊണ്ടു തന്നെ വാഹനങ്ങൾ പോയതിന് ശേഷമേ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കാവും. രാത്രി കാലങ്ങളിൽ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുക, കാരണം മറ്റു വാഹനങ്ങളുടെ പ്രകാശത്തിൽ എതിരെ വരുന്ന വാഹനങ്ങൾ നിങ്ങളെ കാണമെന്നില്ല.

കാൽനടക്കാർ ഫുട്പാത്തുള്ള സ്ഥലങ്ങളില്‍ അതിലൂടെ മാത്രം നടക്കുക. നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുന്നില്‍ കൂടിയോ പിന്നില്‍ കൂടിയോ റോഡ് മുറിച്ചു കടക്കാതിരിക്കാൻ ശ്രമിക്കുക.  കഴിവതും സീബ്രാ ലൈനുകൾ ഉള്ള സ്ഥലത്തോ ട്രാഫിക്ക് പൊലീസ് ഉള്ള സ്ഥലത്തോ കൂടി മാത്രം റോഡ് മുറിച്ചു കടക്കുക. കൂടാതെ റോ‍ഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുവാൻ ശ്രമിക്കുക.