Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ തുടക്കം മോഹിച്ചു ഹ്യുണ്ടേയ് ‘വെർണ’

hyundai-verna-test-drive-10 Hyundai Verna

നവരാത്രി, ദീപാവലി ഉത്സവകാലത്തിനുള്ളിൽ 12,000 ‘വെർണ’ വിൽക്കാനാവുമെന്ന പ്രതീക്ഷയിൽ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. അരങ്ങേറ്റ ആനുകൂല്യമെന്ന നിലയിൽ ഡൽഹി ഷോറൂമിൽ 7.99 ലക്ഷം രൂപ വില നിശ്ചയിച്ചാണു ഹ്യുണ്ടേയ് ഇടത്തരം സെഡാനായ ‘വെർണ’യുടെ പുതുതലമുറ മോഡൽ പുറത്തിറക്കിയത്. ആദ്യ 20,000 ബുക്കിങ്ങുകൾക്കു മാത്രമാവും ഈ വില ബാധകമാവുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ആദ്യ കാഴ്ചയിൽ ‘എലാൻട്ര’യെയാണു  പുത്തൻ ‘വെർണ’ ഓർമിപ്പിക്കുന്നത്. പുത്തൻ കെ ടു പ്ലാറ്റ്ഫോം അടിത്തറയാവുന്ന കാറിൽ ഡേ ടൈം റണ്ണിങ് ലാംപ് സഹിതം സ്വെപ്റ്റ്ബാക്ക് ഹെഡ്ലാംപ്, ഹെക്സഗണൽ ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, പുത്തൻ മുൻ ബംപർ എന്നിവയൊക്കെ ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്. കൂടുതൽ ദൃഢത ഉറപ്പാക്കാൻ അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ(എ എച്ച് എസ് എസ്) ബോഡി സ്ട്രക്ചറാണു പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് സ്വീകരിച്ചിരിക്കുന്നത്. പാർശ്വ വീക്ഷണത്തിൽ കൂപ്പെയെയാണ് 16 ഇഞ്ച് അലോയ് വീൽ സഹിതമെത്തുന്ന പുതിയ ‘വെർണ’ ഓർമിപ്പിക്കുക. പിന്നിലാവട്ടെ എൽ ഇ ഡി ടെയിൽ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്പോയ്ലർ, പരിഷ്കരിച്ച പിൻ ബംപർ എന്നിവയുമുണ്ട്.

മെച്ചപ്പെട്ട സുരക്ഷയ്ക്കായി സൈഡ് — കർട്ടൻ എയർബാഗ്, ഓട്ടോ ഡിമ്മിങ് മിറർ, ഓട്ടോ ഫംക്ഷൻ സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയും കാറിലുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു പുതിയ ‘വെർണ’ വിൽപ്പനയ്ക്കുള്ളത്. കാറിലെ 1.6 ലീറ്റർ, വി ടി വി ടി പെട്രോൾ എൻജിന് പരമാവധി 123 ബി എച്ച് പി കരുത്തും 155 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1.6 ലീറ്റർ, യു ടു, സി ആർ ഡി ഐ, വി ജി ടി ഡീസൽ എൻജിൻ സൃഷ്ടിക്കുന്നതാവട്ടെ പരമാവധി 128 ബി എച്ച് പി വരെ കരുത്താണ്; 260 എൻ എം ടോർക്കും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ.

ആറ് എയർബാഗ്, എ ബി എസ്, ഇ ബി ഡി, റിയർ പാർക്കിങ് സെൻസർ/കാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്ക്ൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയൊക്കെ പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.ഓഗസ്റ്റ് ഒന്നിനു പ്രീ ബുക്കിങ് ആരംഭിച്ചതോടെ 45,000 അന്വേഷണങ്ങളാണു പുതിയ ‘വെർണ’യെ തേടിയെത്തിയതെന്നു ഹ്യുണ്ടേയ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഒക്ടോബർ മധ്യത്തിൽ ദീപാവലി എത്തുമ്പോഴേക്ക് പുതിയ കാറിന്റെ വിൽപ്പന 10,000 — 12,000 യൂണിറ്റിലെത്തുമെന്നാണു കമ്പനി കണക്കുകൂട്ടുന്നത്. തുടർന്നും പ്രതിമാസം 4,000 — 5,000 യൂണിറ്റ് വിൽപ്പന നിലനിർത്താൻ പുതിയ ‘വെർണ’യ്ക്കു കഴിയുമെന്നാണു ഹ്യുണ്ടേയിയുടെ പ്രതീക്ഷ. ഈ കണക്കുകൂട്ടൽ പ്രകാരം ഈ വർഷം അവസാനിക്കുമ്പോഴേക്ക് പുതിയ ‘വെർണ’യുടെ വിൽപ്പന 20,000 യൂണിറ്റ് പിന്നിടും. 

പ്രീ ബുക്കിങ്ങിൽ 60 ശതമാനവും 1.6 ലീറ്റർ ഡീസൽ എൻജിനുള്ള വകഭേദത്തിനാണെന്നും ഹ്യുണ്ടേയ് വ്യക്തമാക്കുന്നു. ബാക്കി 40% മാത്രമാണ്  1.6 ലീറ്റർ പെട്രോൾ എൻജിനുള്ള മോഡലിന്റെ വിഹിതം. മാനുവൽ ട്രാൻസ്മിഷനെ അപേക്ഷിച്ച് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സിനോടാണ് ഉപയോക്താക്കൾക്കു താൽപര്യമെന്നും ഹ്യുണ്ടേയ് വിലയിരുത്തുന്നു. രണ്ട് എൻജിൻ, ട്രാൻസ്മിഷൻ സാധ്യതകളോടെ നാലു വകഭേദങ്ങളിലാണു പുതിയ ‘വെർണ’ വിൽപ്പനയ്ക്കുള്ളത്. ഇന്ത്യയിൽ മാരുതി സുസക്കി ‘സിയാസ്’, ഹോണ്ട ‘സിറ്റി’, സ്കോഡ ‘റാപിഡ്’, ഫോക്സ്വാഗൻ ‘വെന്റോ’ തുടങ്ങിയവരാണു ‘വെർണ’യുടെ എതിരാളികൾ.