Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3.5 ടൺ ശേഷി; ‘ദോസ്ത് പ്ലസു’മായി അശോക് ലേയ്‌ലൻഡ്

ashok-leyland-dost

നാലോ അഞ്ചോ മാസത്തിനിടെ ഓരോ പുതിയ ലഘു വാണിജ്യ വാഹനം(എൽ സി വി) വീതം പുറത്തിറക്കാൻ അശോക് ലേയ്‌ലൻഡിനു പദ്ധതി. ജാപ്പനീസ് നിർമാതാക്കളുമായി കഴിഞ്ഞ വർഷം വഴി പിരിഞ്ഞ ശേഷം ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‌ലൻഡ് ‘ദോസ്തി’ന്റെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കി. രണ്ടു മുതൽ മൂന്നര ടൺ വരെ ഭാരം കയറ്റാവുന്ന എൽ സി വിക്കു ‘ദോസ്ത് പ്ലസ്’ എന്നാണു പേര്. ഒപ്പം വിദേശ വിപണികൾ ലക്ഷ്യമിട്ട് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള എൽ സി വി ജനുവരിയിൽ അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. 

കയറ്റുമതിയിൽ നിന്നുള്ള വിഹിതം മൊത്തം വിൽപ്പനയുടെ അഞ്ചു ശതമാനത്തിൽ നിന്ന് 20% ആയി ഉയർത്താനാണ് അശോക് ലേയ്‌ലൻഡ് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 80% രാജ്യങ്ങളും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ട് രീതി പിന്തുടരുന്നതിനാൽ ജനുവരിയിൽ പുറത്തെത്തുന്ന പുതിയ മോഡൽ സുപ്രധാനമാണെന്നും കമ്പനികരുതുന്നു. എൽ സി വികളിലൂടെ വിപണി വിഹിതം ഉയർത്താനും സാന്നിധ്യം ശക്തമാക്കാനുമാണു കമ്പനി തയാറെടുക്കുന്നതെന്ന് അശോക് ലേയ്‌ലൻഡ് പ്രസിഡന്റ്(ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾസ്) നിതിൻ സേഥ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഓരോ നാല് — അഞ്ച് മാസത്തിനിടയിലും പുതിയ മോഡൽ അവതരണങ്ങൾക്കു കമ്പനി ഒരുങ്ങുന്നതെന്നും അദ്ദേഹം  വിശദീകരിച്ചു. 

രണ്ടു ടണ്ണും അതിലേറെയും ഭാരം വഹിക്കാൻ ശേഷിയുള്ള എൽ സി വികളോടാണു വിപണിക്കു പ്രതിപത്തിയേറെയന്നും സേഥ് വിലയിരുത്തി. കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടെ ഇതിൽ താഴെ ഭാരവാഹക ശേഷിയുള്ള എൽ സി വികളുടെ വിൽപ്പന 50 ശതമാനത്തോളം ഇടിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.ഈ സാഹചര്യത്തിലാണു കമ്പനി രണ്ടു മുതൽ മൂന്നര ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ‘ദോസ്ത് പ്ലസ്’ പുറത്തിറക്കിയത്. മുൻമോഡലിനെ അപേക്ഷിച്ച് 18% കൂടുതൽ ഭാരവാഹക ശേഷിയും മികച്ച ഇന്ധനക്ഷമതയും അധിക വാറന്റിയുമൊക്കെയാണ് ‘ദോസ്ത് പ്ലസി’ന്റെ വാഗ്ദാനം.

‘ദോസ്തി’നൊപ്പം ‘ദോസ്ത് പ്ലസ്’ കൂടി ചേരുന്നതോടെ എൽ സി വി വിപണി വികസിപ്പിക്കാൻ അശോക് ലേയ്‌ലൻഡിനു കഴിയുമെന്ന് സേഥ് അവകാശപ്പെട്ടു. ഇത്തരത്തിലുള്ള നാലര ലക്ഷത്തോളം എൽ സി വികളായിരുന്നു കഴിഞ്ഞ വർഷം രാജ്യത്തെ വിൽപ്പന. ആറു വർഷം മുമ്പു നിരത്തിലെത്തിയ ‘ദോസ്തി’ന്റെ ഇതുവരെയുള്ള ആകെ വിൽപ്പന 1.70 ലക്ഷത്തോളം യൂണിറ്റാണ്. ഈ ബ്രാൻഡ് വിജയമാണെന്നും കമ്പനി വിലയിരുത്തുന്നു. മൂന്നു വകഭേദങ്ങളിൽ വിപണിയിലുള്ള ‘ദോസ്തി’ന്റെ മുന്തിയ പതിപ്പിൽ എ സി കാബിൻ, പവർ സ്റ്റീയറിങ് തുടങ്ങിയവയൊക്കെ ലഭ്യമാണ്.