Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത ട്രാക്ടർ മാതൃകയുമായി എസ്കോർട്സ്

Escorts Tractor Escorts Tractor

ബാറ്ററിയിൽ ഓടുന്ന ട്രാക്ടർ മാതൃകയുമായി കാർഷികോപകരണ നിർമാതാക്കളായ എസ്കോർട് രംഗത്ത്. ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിട്ടുള്ള പുത്തൻ ട്രാക്ടർ ശ്രേണിക്കൊപ്പമാണ് എസ്കോർട് ഈ കൺസപ്റ്റ് മോഡലും പുറത്തിറക്കിയത്. ‘ഫാംട്രാക്’, ‘പവർട്രാക്’ ശ്രേണികളിലായി 22 എച്ച് പി മുതൽ 90 എച്ച് പി വരെ ശേഷിയുള്ള പുത്തൻ ട്രാക്ടറുകളാണ് എസ്കോർട്സ് അവതരിപ്പിച്ചത്. യൂറോപ്പിലും യു എസിലുമൊക്കെ പ്രാബല്യത്തിലുള്ള മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്ന ട്രാക്ടറുകളാണ് അവതരിപ്പിക്കുന്നതെന്നും എസ്കോർട്സ് വ്യക്തമാക്കി. യു എസിനും യൂറോപ്പിനും പുറമെ ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും ആസിയാൻ മേഖലയിലെയും കർഷകർക്കും പുതിയ മോഡലുകൾ സ്വീകാര്യമാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഒപ്പം പുത്തൻ മോഡലുകളിലൂടെ ഇന്ത്യയിലെ പുതുതലമുറ കർഷകരെയും എസ്കോർട്സ് നോട്ടമിടുന്നുണ്ട്. 

ആഗോള വിപണികൾക്കായി പുത്തൻ ഉൽപന്നങ്ങൾ അവതരിപ്പിച്ചു പരിവർത്തനത്തിന്റെ പാതയിലാണ് എസ്കോർട്സെന്ന് കമ്പനി ചെയർമാൻ രാജൻ നന്ദ അവകാശപ്പെട്ടു. ഉപയോക്താക്കളെ ആകർഷിക്കുന്നതിനൊപ്പം മത്സരക്ഷമവും ഗുണമേന്മയേറിയതുമായ ട്രാക്ടറുകളാണു കമ്പനി പുറത്തിറക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിലേക്കു തന്നെ ട്രാക്ടർ വിപണനം വ്യാപിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

ആഗോളതലത്തിലെ കാർഷിക മേഖലയിൽ പുതിയ അനുഭവവും കൃത്യതയും പ്രദാനം ചെയ്യാൻ കമ്പനിയുടെ പുത്തൻ ഉൽപന്നശ്രേണിക്കു സാധിക്കുമെന്ന് എസ്കോർട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ നിഖിൽ നന്ദ അഭിപ്രായപ്പെട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്ന എൻജിനീയറിങ് വൈഭവത്തിന്റെ പ്രതിഫലനമെന്ന നിലയിലാണു വൈദ്യുത ട്രാക്ടർ എന്ന ആശയം കമ്പനി ആവിഷ്കരിച്ചതെന്നും നന്ദ വിശദീകരിച്ചു.