Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് വണ്ണിൽ എൻജിൻ നൽകാൻ പോർഷെ

porsche-logo

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകൾക്ക് എൻജിൻ ലഭ്യമാക്കുന്നതു പുനഃരാരംഭിക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയ്ക്കു മോഹം. 2021 സീസൺ മുതൽ ഫോർമുല വണ്ണിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലെത്തുന്നതോടെ എൻജിൻ സപ്ലയറായി രംഗത്തെത്താനാണു പോർഷെയുടെ ആഗ്രഹമെന്ന് കമ്പനി ഫിനാൻസ് മേധാവിയും എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ ലുറ്റ്സ് മെഷ്കെ വെളിപ്പെടുത്തി. 

ഈ സീസൺ അവസാനിക്കുന്നതോടെ ലെ മാൻസ് 24, ലോക എൻഡ്യൂറൻസ് റേസിങ് മേഖലകളിൽ നിന്നു പോർഷെ പിൻമാറുകയാണ്. തുടർന്ന് 2019 സീസൺ മുതൽ ഫോർമുല ഇ ഇലക്ട്രിക് ചാംപ്യൻഷിപ്പിൽ കമ്പനി അരങ്ങേറ്റവും കുറിക്കും. അതിനിടെയാണ് 1991 വരെ രംഗത്തുണ്ടായിരുന്ന ഫോർമുല വൺ മത്സര ട്രാക്കിലേക്കു മടങ്ങുന്നതിനെക്കുറിച്ച് പോർഷെ ആലോചിക്കുന്നത്.  ഈ മടക്കത്തിന്റെ ഭാഗമായി 2021ൽ നിലവിൽ വരുന്ന എൻജിൻ നിലവാര നിബന്ധനകളെക്കുറിച്ചുള്ള ചർച്ചകളിൽ പോർഷെ പങ്കെടുത്തിരുന്നു. നിലവിൽ ഫോർമുല വൺ കാറുകൾക്കു കരുത്തേകുന്ന  വി സിക്സ്, 1.6 ലീറ്റർ ടർബോ ഹൈബ്രിഡിനു പകരം വില കുറഞ്ഞതും സാങ്കേതികമായി ലളിതവുമായ എൻജിനുകളാവും 2021 സീസൺ മുതൽ ടീമുകൾ ഉപയോഗിക്കുകയെന്നാണു ധാരണ.

പോർഷെയ്ക്ക് അനുയോജ്യമായ ഇടമാണു ഫോർമുല വൺ എന്നായിരുന്നു ഇറ്റാലിയൻ ഗ്രാൻപ്രിക്കിടെ ഫോർമുല വൺ മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾക്കു ശേഷം മെഷ്കെയുടെ പ്രതികരണം. നിലവിൽ കമ്പനിയുടെ പ്രഥമ പരിഗണന ഫോർമുല ഇക്കാണ്; എന്നാൽ എഫ് വണ്ണിനെക്കുറിച്ചുള്ള ആലോചന ഒരുഘട്ടത്തിലും കൈവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം ടീമെന്ന നിലയിൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ പോർഷെ ആലോചിക്കുന്നില്ല. എൻജിൻ ദാതാവ് എന്ന നിലയിൽ മാത്രമാവും കമ്പനിയുടെ എഫ് വണ്ണിലെ സാന്നിധ്യം.

ഫോർമുല വണ്ണിൽ മത്സരിക്കുന്ന ടീമുകൾക്ക് എൻജിൻ ലഭ്യമാക്കാൻ നാലു കമ്പനികളാണു നിലവിൽ രംഗത്തുള്ളത്. മെഴ്സീഡിസ്, ഫെറാരി, റെനോ എന്നിവർ മൂന്നു വീതം ടീമുകൾക്ക് എൻജിൻ നൽകുന്നുണ്ട്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും ബ്രിട്ടീഷ് ടീമായ മക്ലാരനുമായുള്ള ബന്ധം ഈ സീസണോടെ അവസാനിക്കുമെന്നാണു സൂചന.