Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ, ഡീസൽ കാർ നിരോധിക്കാൻ ചൈനയും

India_Survey_ReleaseD1-long

രാജ്യത്ത് പെട്രോൾ, ഡീസൽ വാഹന വിൽപ്പന അവസാനിപ്പിക്കാൻ ചൈനയും ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിക്കായി വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാൻ നിർമാതാക്കളിൽ സമ്മർദം ചെലുത്താനാണ് ചൈന തയാറെടുക്കുന്നത്.  പരമ്പരാഗത എൻജിനുള്ള വാഹനങ്ങളുടെ നിർമാണവും വിൽപ്പനയും അവസാനിപ്പിക്കാനുള്ള സമയക്രമം തയാറാക്കാൻ സർക്കാരും വിവിധ നിയന്ത്രണ ഏജൻസികളുമായി ചർച്ച ആരംഭിച്ചതായും ചൈനയിലെ വ്യവസായ, വിവര സാങ്കേതിക വിദ്യ ഉപമന്ത്രി സിൻ ഗുബിൻ വെളിപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിൽ വൻമുന്നേറ്റം കൈവരിക്കുന്നനിനൊപ്പം ചൈനീസ് വാഹന വ്യവസായത്തിന്റെ വളർച്ചയ്ക്കും ഈ നീക്കം വഴി തെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആന്തരിക ജ്വലന എൻജിനുള്ള വാഹനങ്ങൾക്കു വിലക്ക് നടപ്പാവുന്നതോടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു ചേക്കേറാൻ പ്രാദേശിക, ആഗോള നിർമാതാക്കൾ നിർബന്ധിതരാവും. പുത്തൻ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളുടെ നിർമാണത്തിന് ഉദാര സഹായം അനുവദിക്കാനും ചൈനീസ് സർക്കാരിനു പദ്ധതിയുണ്ട്.

സർക്കാരിന്റെ ചുവടുമാറ്റം പിന്തുടർന്ന് ചൈനയിൽ അടുത്ത വർഷം പുതിയ വൈദ്യുത കാർ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി തീരുമാനിച്ചു കഴിഞ്ഞു. ചൈനീസ് പങ്കാളികളായ ഗ്വാങ്കി ഹോണ്ട ഓട്ടമൊബീൽ കമ്പനിയുടെയും ഡോങ്ഫെങ് ഹോണ്ട ഓട്ടമൊബീൽ കമ്പനിയുടെയും സഹകരണത്തോടെയാണു പുതിയ വൈദ്യുത കാർ യാഥാർഥ്യമാവുന്നതെന്നും ഹോണ്ട ചൈന ചീഫ് ഓപ്പേറേറ്റിങ് ഓഫിസർ യാസുഹിഡെ മിസുനൊ അറിയിച്ചു. പങ്കാളികളുമായി ചേർന്നു വികസിപ്പിക്കുന്ന വൈദ്യുത കാറുകൾക്കായി പുത്തൻ ബ്രാൻഡ് സൃഷ്ടിക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്.

ബാറ്ററികൾ ഊർജം പകരുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഇ എസ് എയ്റ്റ്’ ഡിസംബർ മധ്യത്തോടെ വിൽപ്പനയ്ക്കെത്തിക്കുമെന്ന് ഇന്റർനെറ്റ് വ്യവസായ സംരംഭകരനായ വില്യം ലീയുടെ നിയോയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല സംരംഭമായ അൻഹുയ് ജിയാങ്ഹ്യായ് ഓട്ടമൊബീൽ ഗ്രൂപ്പുമായി സഹകരിച്ചാണു സ്റ്റാർട്അപ്പായ നിയോയുടെ രംഗപ്രവേശം. ഇതോടൊപ്പം ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയുമായി സഹകരിച്ച് അടുത്ത വർഷം വൈദ്യുത എസ് യു വി പുറത്തിറക്കാനും  അൻഹുയ് തയാറെടുക്കുന്നുണ്ട്.