Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന നയം അത്യാവശ്യമെന്നു റെനോ

renault-logo

വൈദ്യുത വാഹന മേഖലയ്ക്കായി വ്യക്തമായ നയരൂപീകരണം നടത്തണമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. വൈദ്യുത വാഹന വ്യാപനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കമ്പനി നിർദേശിച്ചു.  വൈദ്യുത കാറുകൾ നിർബന്ധമാക്കുന്നതിനൊപ്പം പഴഞ്ചൻ കാറുകൾ പിൻവലിക്കുക കൂടി ചെയ്താൽ മാത്രമേ മലിനീകരണത്തെ ചെറുക്കാൻ കഴിയുകയുള്ളൂ എന്നും റെനോ ഇന്ത്യ മാനേജിങ് ഡയറക്ടർ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു.

ഗതാഗത രംഗത്തെ ഭാവി വൈദ്യുത വാഹനങ്ങളാണ്; ഇത്തരം വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യതയുമാണ്. എന്നാൽ എപ്പോഴാണ് ഈ പരിവർത്തനം നടപ്പാവുക എന്നതു മാത്രമാണ് അറിയാനുള്ളതെന്നും സാഹ്നി വ്യക്തമാക്കി. വൈദ്യുത വാഹനത്തിലേക്കുള്ള മാറ്റത്തിന്റെ കൃത്യമായ സമയനിർണയം അറിയേണ്ടത് സുപ്രധാനമാണെന്നും സാഹ്നി വിലയിരുത്തി.വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ സർക്കാർ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും അതിവേഗ നടപടി വേണം. കൃത്യമായ ദിശാബോധം പകരുന്ന തരത്തിലുള്ള വ്യക്തമായ നയരൂപീകരണം നടത്തണമെന്നും സാഹ്നി നിർദേശിച്ചു.

പരിസ്ഥിതി മലിനീകരണം ചെറുക്കാൻ പഴയ വാഹനങ്ങൾ പിൻവലിക്കേണ്ടത് അനിവാര്യതയാണ്. ഒരു ഭാഗത്ത് മലിനീകരണ വിമുക്തമായ വൈദ്യുത വാഹനങ്ങളും മറുവശത്ത് മലിനീകരണം സൃഷ്ടിക്കുന്ന കാൽ നൂറ്റാണ്ട പഴക്കമുള്ള കാറുകളുമായാൽ മാറ്റം വരില്ല. ഭാവിക്കൊപ്പം ഭൂതകാലവും പരിഗണിക്കപ്പെടണമെന്നു സാഹ്നി അഭിപ്രായപ്പെട്ടു.ആഗോളതലത്തിൽ റെനോ വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. പ്രാദേശികമായ മാറ്റങ്ങളോടെ ഈ കാറുകൾ ഇന്ത്യയിലും വിൽക്കാനാവുമെന്നു സാഹ്നി പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവേഷണ, വികസന കേന്ദ്രത്തിന്റെ സേവനം ലഭ്യമായതിനാൽ ഇത്തരം മാറ്റങ്ങൾ വെല്ലുവിളി സൃഷ്ടിക്കില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു.എന്നാൽ ഈ മേഖലയ്ക്കുള്ള നയം സംബന്ധിച്ച് വ്യക്തത കൈവരിക്കാതെ കാര്യമായ മുന്നേറ്റം കൈവരിക്കാനാവില്ലെന്നും സാഹ്നി സൂചിപ്പിച്ചു.