Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ശ്രദ്ധ ഇനി ബൈക്ക് വിൽപ്പനയിലേക്ക്

Honda CB Shine Honda CB Shine

മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിൽപ്പന മെച്ചപ്പെടുത്താൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഗ്രാമീണ മേഖലയിലേക്ക്. വരുന്ന മാർച്ചിനകം തുറക്കുന്ന അഞ്ഞൂറോളം ഔട്ട്ലെറ്റുകളിൽ 70 ശതമാനവും ഗ്രാമീണ മേഖലയിലാക്കാനാണു കമ്പനിയുടെ തീരുമാനം. ഇതോടൊപ്പം ഇന്ത്യയിൽ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനും എച്ച് എം എസ് ഐ തയാറെടുക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് ഇന്ത്യൻ ബൈക്ക് വിപണിയിൽ 17% വിഹിതമാണു ഹോണ്ട ലക്ഷ്യമിട്ടിരിക്കുന്നത്. 

മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങൾക്കിടയിൽ ഭേദഭാവമില്ലെങ്കിലും ബൈക്കുകളിലാണു വളർച്ചാസാധ്യതയേറെയെന്നാണ് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണി വിഹിതം വർധിപ്പിക്കാനാണു കമ്പനി പരിഗണന നഗൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മികച്ച വിൽപ്പന കൈവരിക്കാൻ ബൈക്ക് വിപണിയിൽ 125 സി സി വിഭാഗത്തെയാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നതെന്നും കാറ്റൊ വെളിപ്പെടുത്തി.

രാജ്യത്തെ ബൈക്ക് വിൽപ്പനയിൽ പഴയ പങ്കാളിയായ ഹീറോ മോട്ടോ കോർപിനു പിന്നിൽ രണ്ടാം സ്ഥാനത്താണു ഹോണ്ട. അതേസമയം 59% വിഹിതത്തോടെ സ്കൂട്ടർ വിപണിയിൽ ഹോണ്ട എതിരാളികളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലുമാണ്.

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ 60 ലക്ഷം ഇരുചക്രവാഹനങ്ങൾ വിൽക്കാനാണ് ഹോണ്ട ലക്ഷ്യമിട്ടിരിക്കുന്നത്. 2016 — 17നെ അപേക്ഷിച്ച് 10 ലക്ഷം യൂണിറ്റ് അധികമാണിത്. വിപണന ശൃംഖല വിപുലീകരണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണു കാറ്റൊയുടെ പ്രതീക്ഷ. അടുത്ത മാർച്ചോടെ രാജ്യത്ത് 5,700 വിൽപ്പന കേന്ദ്രങ്ങൾ ലഭ്യമാക്കാനാണു ഹോണ്ട തയാറെടുക്കുന്നത്; 2017 ഏപ്രിലിൽ 5,200 കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

ഇക്കൊല്ലം 500 പുതിയ ടച് പോയിന്റുകൾ ആരംഭിക്കാൻ ലക്ഷ്യമിട്ടതിൽ ഓഗസ്റ്റ് വരെ 250 എണ്ണം പ്രവർത്തന സജ്ജമായതായി എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അറിയിച്ചു. ഈ മാസം 50 എണ്ണം കൂടി തുറക്കാനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

നവരാത്രി, ദീപാവലി ഉത്സവകാലത്തു മികച്ച വിൽപ്പന കൈവരിക്കാനും വിപണന ശൃംഖല വിപുലീകരണം വഴി തെളിക്കുമെന്നു ഗുലേറിയ കരുതുന്നു. ഇക്കൊല്ലം ദീപാവലി — നവരാത്രി കാലത്തെ വാഹന വിൽപ്പനയിൽ 20% വളർച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്.