Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകള്‍ക്കായുള്ള കാത്തിരിപ്പ് കുറയ്ക്കാൻ മാരുതി

vitara-brezza-test-drive-11 Vitara Brezza

ഗുജറാത്ത് ശാലയിൽ നാലാം അസംബ്ലി ലൈൻ സ്ഥാപിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ ഒരുങ്ങുന്നു. പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയാണ് പുതിയ അസംബ്ലി ലൈനിൽ നിന്നു കമ്പനി പ്രതീക്ഷിക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ അറിയിച്ചു. ഇതോടെ അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിലുള്ള ശാലയുടെ മൊത്തം ഉൽപ്പാദനശേഷി പ്രതിവർഷം 10 ലക്ഷം യൂണിറ്റായി ഉയരും.

ഗുജറാത്ത് ശാലയിൽ പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള ആദ്യ അസംബ്ലി ലൈനാണു നിലവിൽ പ്രവർത്തനക്ഷമമായത്. രണ്ടര ലക്ഷം യൂണിറ്റ് വീതം ഉൽപ്പാദനശേഷിയുള്ള രണ്ടും മൂന്നും അസംബ്ലി ലൈനുകളുടെ നിർമാണജോലികൾ പുരോഗതിയിലുമാണ്. വരുന്ന രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഹൻസാൽപൂർ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഏഴര ലക്ഷം യൂണിറ്റിലെത്തുമെന്നു ഭാർഗവ വെളിപ്പെടുത്തി. ഇതിന്റെ തുടർച്ചയെന്ന നിലയിലാണു ശാലയിൽ നാലാം അസംബ്ലി ലൈൻ സ്ഥാപിക്കാനും കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  അതേസമയം പുതിയ അസംബ്ലി ലൈൻ സ്ഥാപിക്കാനുള്ള ചെലവ് സംബന്ധിച്ചു ഭാർഗവ സൂചനയൊന്നും നൽകിയില്ല.

വാഹനങ്ങൾക്കു പുറമെ ഗുജറാത്തിൽ ലിതിയം അയോൺ ബാറ്ററി നിർമാണം തുടങ്ങാനും സുസുക്കിക്കു പദ്ധതിയുണ്ട്. ജാപ്പനീസ് പങ്കാളികളായ തോഷിബ കോർപറേഷനും ഡെൻസോയുമായി ചേർന്നു പുതിയ സംയുക്ത സംരംഭം രൂപീകരിച്ച് ഹൻസാൽപൂരിൽ ബാറ്ററി നിർമാണശാല സ്ഥാപിക്കാനാണ് സുസുക്കിയുടെ നീക്കം. വൈദ്യുത വാഹനങ്ങൾക്കുള്ള സുപ്രധാന ഘടകമായ ലിതിയം അയോൺ ബാറ്ററി നിർമാണത്തിനുള്ള ശാല ഇന്ത്യയിൽ സുസുക്കി മോട്ടോർ കോർപറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള ആദ്യ സംരംഭമാവും. നിർദിഷ്ട ബാറ്ററി നിർമാണശാലയ്ക്ക് 2000 കോടി യെൻ(ഏകദേശം 1,200 കോടി രൂപ) ആണു ചെലവു പ്രതീക്ഷിക്കുന്നത്.

മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിൽപ്പന 20 ലക്ഷം യൂണിറ്റിലെത്തുമെന്നു ഭാർഗവ പ്രതീക്ഷ പ്രകടിപ്പിച്ചു. തുടർന്നു രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വിൽപ്പന 25 ലക്ഷം യൂണിറ്റായും ഉയരും.  വിൽപ്പനയിലെ ഈ വളർച്ച മുന്നിൽകണ്ടുള്ള ഒരുക്കങ്ങളാണു നിലവിൽ മാരുതി സുസുക്കി നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഹരിയാനയിലെ മനേസാറിലും ഗുരുഗ്രാമിലുമുള്ള ശാലകളിൽ നിന്ന് പ്രതിവർഷം 15 ലക്ഷം കാറുകളാണു കമ്പനി ഉൽപ്പാദിപ്പിക്കുന്നത്.