Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ശാലയിൽ ബൈക്കും നിർമിക്കാൻ ഹോണ്ട

honda-logo

മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗുജറാത്ത് ശാലയിൽ നിന്നു ബൈക്കുകൾ കൂടി ഉൽപ്പാദിപ്പിക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. പഴയ പങ്കാളിയായ ഹീറോ മോട്ടോ കോർപിനെ പിന്തള്ളി 2020ൽ ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ നേതൃസ്ഥാനം സ്വന്തമാക്കാനാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ബൈക്ക് ഉൽപ്പാദനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് എച്ച് എം എസ് ഐ ഗുജറാത്ത് ശാലയിൽ മൂന്നാമത് അസംബ്ലി ലൈൻ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ശാലയിൽ നിലവിൽ സ്കൂട്ടറുകൾ മാത്രമാണു നിർമിക്കുന്നത്; രണ്ട് അസംബ്ലി ലൈനുകളിൽ നിന്നായി പ്രതിവർഷം 12 ലക്ഷം യൂണിറ്റാണു ശാലയുടെ ഉൽപ്പാദന ശേഷി. 

ആവശ്യമെങ്കിൽ ഗുജറാത്ത് ശാലയിൽ മോട്ടോർ സൈക്കിൾ ഉൽപ്പാദനം ആരംഭിക്കാനാവുമെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ വെളിപ്പെടുത്തി. എന്നാൽ നിലവിൽ ഈ ശാലയിൽ ഹോണ്ട സ്കൂട്ടറുകൾ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ആവശ്യം ന്യായമെങ്കിൽ ബൈക്ക് നിർമാണത്തിനായി പുതിയ ശാല സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

ഏഴു വർഷം മുമ്പ് 2010ലാണു ഹോണ്ടയും ഹീറോയും വഴി പിരിഞ്ഞത്; തുടർന്ന് സ്കൂട്ടർ വിഭാഗത്തിൽ ശക്തമായ പ്രകടനമാണ് എച്ച് എം എസ് ഐ കാഴ്ചവച്ചു മുന്നേറുന്നത്. നിലവിൽ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ 59% വിഹിതമാണ് എച്ച് എം എസ് ഐക്കുള്ളത്. അതേസമയം കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്തെ കണക്കനുസരിച്ച് മോട്ടോർ സൈക്കിൾ വിപണിയിൽ ഹോണ്ടയുടെ വിഹിതം 17% ആണ്; മുൻവർഷം ഇതേ കാലത്തെ വിപണി വിഹിതത്തെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം അധികമാണിത്. പോരെങ്കിൽ 30% വിപണി വിഹിതവുമായി ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ രണ്ടാം സ്ഥാനവും ഹോണ്ട സ്വന്തമാക്കിയിരുന്നു.

ഭാവിയിൽ 125 സി സി വിഭാഗത്തിലാവും ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും കാറ്റൊ വ്യക്തമാക്കുന്നു. ‘ഹോണ്ട സി ബി ഷൈൻ’ കൈവരിച്ച വിജയം മറ്റു മോഡലുകളിലും ആവർത്തിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 2006ൽ അരങ്ങേറ്റം കുറിച്ച് ‘ഷൈനി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 55 ലക്ഷം യൂണിറ്റാണ്; ഈ വിഭാഗത്തിൽ 54% വിഹിതവും ‘സി ബി ഷൈനി’നു സ്വന്തമാണ്.