Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡിയുടെ രണ്ടാം തലമുറ ‘എ ഫൈവ്’ അവതരണം 5ന്

Audi A5 Audi A5

എക്സിക്യൂട്ടീവ് കോംപാക്ട് കാറായ ‘എ ഫൈവി’ന്റെ രണ്ടാം തലമുറ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫോക്സവാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഒരുങ്ങുന്നു. ഒക്ടോബർ അഞ്ചിനാവും രണ്ടാം തലമുറ ‘എ ഫൈവി’ന്റെ ഇന്ത്യൻ അരങ്ങേറ്റം.ഇക്കൊല്ലം ഔഡി നടത്തുന്ന ഒൻപതാമത് മോഡൽ അവതരണമാവും ‘എ ഫോറി’നും ‘എ സിക്സി’നുമിടയിൽ ഇടം പിടിക്കുന്ന ‘എ ഫൈവ്’.

‘എ ഫോറി’ന്റെ തന്നെ പ്ലാറ്റ്ഫോമിൽ യാഥാർഥ്യമാക്കിയ ‘എ ഫൈവ്’ ഇതാദ്യമായി കൂപ്പെ, സ്പോർട് ബാക്ക്, കബ്രിയോളെ ശൈലികളിൽ ഒരുമിച്ചു വിൽപ്പനയ്ക്കെത്തും. ‘എ ഫോർ’ സെഡാനെ അപേക്ഷിച്ചു കൂടുതൽ പ്രായോഗികമാണെന്നതാവും നാലു ഡോറുള്ള ‘എ ഫൈവ്’ സ്പോർട്ബാക്കിന്റെ  സവിശേഷത. രാജ്യാന്തര വിപണികളിൽ രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനോടെയാണ് ‘എ ഫൈവ്’ലഭിക്കുന്നത്; 190 ബി എച്ച് പി വരെ കരുത്തും 320 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കൂടാതെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ ഡീസൽ എൻജിനോടെയും ‘എ ഫൈവ്’ ലഭിക്കും; 190 ബി എച്ച് പി വരെ കരുത്തും 400 എൻ എം ടോർക്കുമാണ് ഈ എൻജിനു സൃഷ്ടിക്കാനാവുക. ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ വിഭാഗത്തിലെ സാധ്യതകൾ.

ക്രമേണ ‘എസ് ഫൈവ്’, ‘ആർ എസ് ഫൈവ്’ എന്നിവയുടെ രണ്ടാം തലമുറ മോഡലുകളും ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ. മൂന്നു ലീറ്റർ, ടർബോ ചാർജ്ഡ്, വി സിക്സ് എൻജിനാണ് ‘എസ് ഫൈവി’നു കരുത്തേകുക; 354 ബി എച്ച് പി വരെ കരുത്തും 500 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുന്തിയ വകഭേദമായ ‘ആർ എസ് ഫൈവ്’ കൂപ്പെയായി മാത്രമാണു വിപണിലുണ്ടാവുക; കാറിലെ  2.9 ലീറ്റർ, ഇരട്ട ടർബോ, വി സിക്സ് എൻജിന് 450 ബി എച്ച് പി വരെ കരുത്തും 600 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ഗീയർബോക്സാണ് ഔഡിയുടെ ‘ക്വാട്രൊ ഓൾ വീൽ ഡ്രൈവ് സിസ്റ്റ’മുള്ള ‘എസ് ഫൈവി’ന്റെയും ‘ആർ എസ് ഫൈവി’ന്റെയും ട്രാൻസ്മിഷൻ. 

നേരിട്ടുള്ള പോരാട്ടത്തിന് എതിരാളികളില്ലെന്നതാണ് ‘എ ഫൈവ് സ്പോർട് ബാക്കി’ന്റെയും ‘എ ഫൈവ് കൂപ്പെ’യുടെയും നേട്ടം; അതേസമയം ‘എ ഫൈവ് കബ്രിയോളെ’യുടെ എതിരാളി മെഴ്സീഡിസ് ബെൻസ് ‘സി 300 കബ്രിയോളെ’യാവും.