Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി സുസുക്കി

shinzo-abe-narendra-modi Japanese Prime Minister Shinzo Abe and Indian Prime Minister Narendra Modi inaugurate the Suzuki Motor Gujarat plant in Hansalpur remotely from the India-Japan Business plenary session during India-Japan annual summit at the Mahatama Mandir convention center in Gandhinagar

ഗുജറാത്ത് കാർ നിർമാണശാലയിൽ 3,800 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ. കൂടാതെ ലിതിയം അയോൺ ബാറ്ററി നിർമാണത്തിനായി 1,150 കോടി രൂപ കൂടി നിക്ഷേപിക്കാനും സുസുക്കിക്കു പദ്ധതിയുണ്ട്; ജാപ്പനീസ് പങ്കാളികളായ തോഷിബ, ഡെൻസൊ എന്നീ കമ്പനികളുമായി ചേർന്നു സുസുക്കി സ്ഥാപിക്കുന്ന സംയുക്ത സംരംഭമാണു ബാറ്ററി നിർമിക്കുക. 

അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിൽ പ്രവർത്തിക്കുന്ന ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താൻ വേണ്ടിയാണു സുസുക്കി പുതിയ നിക്ഷേപത്തിനു സന്നദ്ധമാവുന്നത്. നിലവിൽ ശാലയിലെ എൻജിൻ, ട്രാൻസ്മിഷൻ ഉൽപ്പാദനകേന്ദ്രത്തിനും രണ്ട് അസംബ്ലി ലൈനുകൾക്കുമായി മൊത്തം 9,600 കോടി രൂപയാണു സുസുക്കി ഗുജറാത്തിൽ മുടക്കിയത്. 3,800 കോടി രൂപ ചെലവിൽ പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള മൂന്നാം അസംബ്ലി പ്ലാന്റ് കൂടി സ്ഥാപിക്കുന്നതോടെ ശാലയിലെ മൊത്തം നിക്ഷേപം 13,400 കോടി രൂപയായി ഉയരും. സുസുക്കി മോട്ടോർ കോർപറേഷന്റെ പൂർണ ഉടമസ്ഥതയിൽ ഇന്ത്യയിൽ ആരംഭിച്ച ആദ്യ സംരംഭമാണു ഹൻസാൽപൂർ ശാല.

മൂന്നാം അസംബ്ലി ലൈൻ കൂടി പ്രവർത്തന സജ്ജമാവുന്നതോടെ ഗുജറാത്ത് ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഏഴര ലക്ഷം യൂണിറ്റായി ഉയരുമെന്നു സുസുക്കി മോട്ടോർ കോർപറേഷൻ ചെയർമാൻ ഒസാമു സുസുക്കി അറിയിച്ചു. അതേസമയം മൂന്നാമത് അസംബ്ലി ലൈൻ പ്രവർത്തനക്ഷമമാക്കാനുള്ള കാലപരിധി സംബന്ധിച്ച് അദ്ദേഹം സൂചനയൊന്നും നൽകിയില്ല. 

ഹൻസാൽപൂരിലെ ആദ്യ രണ്ട് അസംബ്ലി ലൈനുകളുടെ ഉൽപ്പാദന ശേഷി പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് വീതമാണ്; എൻജിൻ — ട്രാൻസ്മിഷൻ പ്ലാന്റിന്റെ ശേഷിയാവട്ടെ പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റാണ്. ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു ഹരിയാനയിലെ മനേസാറിലും ഗുരുഗ്രാമിലുമുള്ള ശാലകൾ കൂടിയാവുന്നതോടെ സുസുക്കിയുടെ ഇന്ത്യയിലെ മൊത്തം ഉൽപ്പാദനശേഷി പ്രതിവർഷം 22.50 ലക്ഷം യൂണിറ്റിലെത്തും. 

ഹൻസാൽപൂരിലെ ആദ്യ ശാലയിൽ നിന്നു നിലവിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാണു പുറത്തെത്തുന്നത്. രണ്ടാം പ്ലാന്റും എൻജിൻ — ട്രാൻസ്മിഷൻ ശാലകളും 2019ൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.