Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില കുറഞ്ഞ കാർ: പങ്കാളികള തേടി സ്കോഡ

skoda-logo

ഏമേർജിങ് വിപണികൾക്കായി വില കുറഞ്ഞ കാർ വികസിപ്പിക്കാൻ പങ്കാളികളുമായി സഹകരിക്കാൻ തയാറാണെന്നു ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. ഈ ലക്ഷ്യത്തോടെ ടാറ്റ മോട്ടോഴ്സുമായി സഹകരിക്കാനുള്ള ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തിലാണു സ്കോഡ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബെൺഹാഡ് മേയറുടെ വിശദീകരണം.

ഇന്ത്യൻ വിപണി കേന്ദ്രീകരിച്ചു പുതിയ എൻട്രി ലവൽ കാർ പ്ലാറ്റ്ഫോം വികസിപ്പിക്കാനുള്ള സാധ്യത പരിശോധിക്കാനാണു ഫോക്സ്വാഗൻ സ്കോഡയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചെലവ് കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ സ്കോഡയുമായുള്ള ചർച്ചകളിൽ നിന്നു പിൻമാറുകയാണെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. 

തുടർന്ന് ഫോക്സ്വാഗന്റെ ‘എം ക്യു ബി എ സീറോ’ പ്ലാറ്റ്ഫോം അടിത്തറയാക്കി ചെലവു കുറഞ്ഞ കാർ വികസിപ്പിക്കാനാവുമോ എന്നാണു സ്കോഡയുടെ പ്രാഥമിക പരിഗണന. ഒപ്പം മറ്റു നിർമാതാക്കളുമായി സഹകരിച്ച് ചെലവു കുറഞ്ഞ കാറിനുള്ള പുത്തൻ പ്ലാറ്റ്ഫോം വികസിപ്പിക്കാനുള്ള സാധ്യതയും സ്കോഡ പരിശോധിക്കുന്നുണ്ട്.

സാങ്കേതികതലത്തിലും സാമ്പത്തികതലത്തിലും പ്രതീക്ഷിക്കുന്ന നേട്ടം സമ്മാനിക്കുമെങ്കിൽ പങ്കാളിത്തവും സഹകരണവുമൊക്കെ പരിഗണിക്കുമെന്നാണു ബെൺഹാഡ് മേയറുടെ നിലപാട്. പ്രാദേശിക സപ്ലയർമാരുമായി സ്കോഡ ചർച്ചകൾ നടത്തിയെന്നും മേയർ സ്ഥിരീകരിച്ചു. 2020 ഏപ്രിലിൽ ഇന്ത്യയിൽ നിലവിൽ വരുന്ന കർശന മലിനീകരണ നിയന്ത്രണ വ്യവസ്ഥകളും ക്രാഷ് ടെസ്റ്റ് നിബന്ധനകളും പാലിക്കുന്ന വിധത്തിൽ ദൃഢമായ എൻജിനുള്ള വില കുറഞ്ഞ കാർ എന്നതാണു സ്കോഡയുടെ മുന്നിലുള്ള വെല്ലുവിളി. 

വിലയുടെ കാര്യത്തിൽ കടുംപിടുത്തം കാട്ടുന്ന വിപണിയായ ഇന്ത്യയിൽ ‘എം ക്യു ബി എ സീറോ’ അടിത്തറയാക്കി കാർ വികസിപ്പിക്കണമെന്ന നിർബന്ധബുദ്ധിയൊന്നും കമ്പനിക്കില്ലെന്നും മേയർ വ്യക്തമാക്കുന്നു. പ്രാദേശികമായി സമാഹരിച്ച ഘടകങ്ങളുടെ വിഹിതം ഉയർത്തുന്നതു പോലുള്ള നടപടികൾ വഴിയല്ലാതെ ‘എം ക്യു ബി എ സീറോ’ പ്ലാറ്റ്ഫോം ഇന്ത്യയിൽ മത്സരക്ഷമത സമ്മാനിക്കില്ലെന്നും അദ്ദേഹം അംഗീകരിക്കുന്നു.

അതേസമയം ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന കാർ ദക്ഷിണ അമേരിക്കയിലും മധ്യ പൂർവ രാജ്യങ്ങളിലുമൊക്കെ വിൽക്കാമെന്ന നേട്ടമുണ്ടെന്നു ഫോക്സ്വാഗൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളറും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ചൈനീസ് പങ്കാളികളുടെ സഹകരണത്തോടെ വികസിപ്പിച്ച ബജറ്റ് കാർ 2019ൽ വിൽപ്പനയ്ക്കെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.