Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില വർധിക്കാതെ ഡീസൽ ‘സിയാസ്’, ‘എർട്ടിഗ’

maruti-ertiga

ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ സെസ് നിരക്കിലെ പരിഷ്കാരത്തിലും പതറാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘സിയാസും’ ‘എർട്ടിഗ’യും. സെഡാനായ ‘സിയാസി’ന്റെയും വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുടെയും ഡീസൽ പതിപ്പുകളെയാണ് സെസ് പരിഷ്കാരം ബാധിക്കാത്തത്. അതേസമയം ഇരു മോഡലുകളുടെയും പെട്രോൾ പതിപ്പുകൾക്കു വില വർധിച്ചിട്ടുണ്ട്. 

വലിയ കാറുകൾക്കും എസ് യു വികൾക്കും ആഡംബര വാഹനങ്ങൾക്കുമെല്ലാമുള്ള സെസ് ഉയർത്തിയതോടെ ഇന്ത്യയിൽ നാലു മീറ്ററിലേറെ നീളമുള്ള വാഹനങ്ങൾക്കെല്ലാം വിലയേറുന്ന സാഹചര്യമാണ്. ഹ്യുണ്ടേയ്, ഹോണ്ട, ടൊയോട്ട, ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ തുടങ്ങിയ നിർമാതാക്കളൊക്കെ വാഹനവില വർധന പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ ഡീസൽ ‘സിയാസി’ലെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി(അഥവാ എസ് എച്ച് വി എസ്) സാങ്കേതികവിദ്യയാണു കാറിനെ വിലക്കയറ്റത്തിൽ നിന്നു രക്ഷിച്ചെടുക്കുന്നത്. ബാറ്ററിയിൽ നിന്നുള്ള വൈദ്യുത ഉപയോഗിച്ച് ആവശ്യമുള്ളഘട്ടത്തിൽ എൻജിനെ സ്റ്റാർട് ചെയ്യുന്ന ചെറിയ വൈദ്യുത ജനറേറ്റർ സംവിധാനമാണ് എസ് എച്ച് വി എസ്. എൻജിൻ സ്റ്റാർട് ചെയ്യേണ്ടാത്ത വേളയിലാവട്ടെ എൻജിൻ സൃഷ്ടിക്കുന്ന വൈദ്യുതി സംഭരണത്തിനും ഭാവി ഉപയോഗത്തിനുമായി ബാറ്ററിയിലേക്കു കൈമാറാനും എസ് എച്ച് വി എസ് സംവിധാനത്തിനു കഴിയും. 

ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ നികുതി നിർണയഘട്ടത്തിൽ ഡീസൽ ‘സിയാസ്’ സാധാരണ എൻജിനുള്ള കാറുകൾക്കൊപ്പമല്ല, മറിച്ച് സങ്കര ഇന്ധന വാഹനങ്ങൾക്കൊപ്പമാണ് ഇടംപിടിക്കുന്നത്. അതുകൊണ്ടുതന്ന ഹൈബ്രിഡ് മോഡലുകൾക്ക് ബാധകമായ 43% നികുതി(28% ജി എസ് ടിയും 15% സെസും) മാത്രമാവും ഡീസൽ ‘സിയാസി’ന് ഈടാക്കുക. എന്നാൽ കാറിന്റെ പെട്രോൾ പതിപ്പിന്റെ നികുതി ബാധ്യത രണ്ടു ശതമാനം ഉയർന്നിട്ടുണ്ട്.

സമാന സാങ്കേതികവിദ്യയുടെ സാന്നിധ്യമുള്ളതിനാൽ എം പി വിയായ ‘എർട്ടിഗ’യുടെ ഡീസൽ വകഭേദങ്ങളും പുതിയ നികുതി വർധനയിൽ നിന്നു രക്ഷപ്പെട്ടു; ഹൈബ്രിഡ് എന്ന പരിഗണനയിൽ 43% തന്നെയാണു കാറിന്റെ പുതുക്കിയ നികുതി. അതേസമയം, പെട്രോൾ എൻജിനുള്ള ‘എർട്ടിഗ’യുടെ നികുതി നിരക്ക് 45% ആയി ഉയരും. അതേസമയം മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ‘ബലേനൊ’, ‘ഡിസയർ’, ‘സ്വിഫ്റ്റ്’, ‘വിറ്റാര ബ്രേസ’ തുടങ്ങിയവയെയും സെസ് നിരക്കിലെ പരിഷ്കാരം ബാധിച്ചിട്ടില്ല.