Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2021 വരെ സിംഗപ്പൂർ ഗ്രാൻപ്രി തുടരാൻ ധാരണ

formula-one-logo

ഫോർമുല വൺ മത്സരവേദിയായി സിംഗപ്പൂർ തുടരുമെന്ന് ഉറപ്പായി. മരീന ബേ സ്ട്രീറ്റ് സർക്യൂട്ട് ആതിഥ്യമരുളുന്ന സിംഗപ്പൂർ ഗ്രാൻപ്രി  2021 വരെ തുടരുമെന്നാണു ഫോർമുല വൺ ലോക ചാംപ്യൻഷിപ് സംഘാടകർ വ്യക്തമാക്കിയത്.  ഫോർമുല വൺ കലണ്ടറിലെ ഏറ്റവും ആകർഷകവും വർണശബളവുമായ സിംഗപ്പൂർ ഗ്രാൻപ്രിയുടെ 10—ാമത് പതിപ്പാണ് ഈ വാരാന്ത്യത്തിൽ അരങ്ങേറുക.

ഫോർമുല വൺ മത്സരത്തിന്റെ ചേരുവകളെല്ലാം സംയോജിക്കുന്ന മത്സരമാണു സിംഗപ്പൂർ ഗ്രാൻപ്രിയെന്ന് ഫോർമുല വൺ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചേസ് കാരി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഈ ആകർഷക മത്സരം നാലു സീസൺ കൂടി തുടരുമെന്നു പ്രഖ്യാപിക്കാൻ ആഹ്ലാദമുണ്ടെന്നും അദ്ദേഹംവ്യക്തമാക്കി. എഫ് വണ്ണിലെ ആദ്യ രാത്രികാല മത്സരത്തിന് വേദിയാവുന്നതും സിംഗപ്പൂർ ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

അതേസമയം ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ വരവ് രാജ്യത്തിനും കായിക മേഖലയ്ക്കും ഗണ്യമായ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നായിരുന്നു സിംഗപ്പൂർ വാണിജ്യ, വ്യവസായ മന്ത്രി എസ് ഈശ്വരന്റെ വിലയിരുത്തൽ. സിംഗപ്പൂർ ഗ്രാൻപ്രിയെ അഭിമാന മത്സരമായി നിലനിർത്താൻ എല്ലാ പങ്കാളികളുടെയും സഹകരണം തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.