Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി വി എസ് വരുന്നു, വൈദ്യുത വാഹനങ്ങളുമായി

tvs-logo

ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ വികസന ഘട്ടത്തിലാണെന്നും വൈകാതെ ഇന്ത്യൻ വിപണിയിൽ ഇവ വിൽപ്പനയ്ക്കെത്തുമെന്നും ടി വി എസ് മോട്ടോർ കമ്പനി. ഇന്നത്തെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ മോഡലുകൾ അവതരിപ്പിക്കാനാവുമെന്നാണ് വൈദ്യുത വാഹന വിഭാഗത്തിൽ മുൻപരിചയമുള്ള കമ്പനിയുടെ പ്രതീക്ഷ. 

രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളെന്ന നിലയിൽ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ടി വി എസ് അതീവ തൽപരരാണെന്ന് കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ്) അനിരുദ്ധ ഹാൽദാർ വെളിപ്പെടുത്തി. ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം കൈവരിക്കാനാവുമെന്നാണു  പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വൈദ്യുത വാഹന വിഭാഗം ശൈശവദശയിലാണെങ്കിലും ഭാവിയിൽ ഈ മേഖല നിർണായകമാവുമെന്നും ഹാൽദാർ അഭിപ്രായപ്പെട്ടു. 

വൈദ്യുത വാഹന വിഭാഗത്തിൽ ഏറെക്കാലമായി ടി വി എസ് ഗവേഷണം നടത്തുന്നുണ്ട്. മുമ്പ് ഇത്തരം വാഹനങ്ങൾ കമ്പനിയുടെ മോഡൽ ശ്രേണിയിലുണ്ടായിരുന്നു താനും.  ഈ മേഖലയിൽ കമ്പനി പ്രവർത്തനം തുരുകയാണെന്നും സാങ്കേതികവിദ്യയ്ക്കൊപ്പം ടി വി എസിന്റെ ശേഷിയും ഉയരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം ടി വി എസിന്റെ വൈദ്യുത മോഡലുകൾ എപ്പോൾ വിൽപ്പനയ്ക്കെത്തുമെന്നു ഹാൽദാർ വ്യക്തമാക്കിയില്ല; ഇവ ഉടൻ പ്രതീക്ഷിക്കാമെന്നു മാത്രമായിരുന്നു മറുപടി. എന്നാൽ ബാറ്ററിയിൽ ഓടുന്ന സ്കൂട്ടറും ബൈക്കും അവതരിപ്പിക്കാനുള്ള ശേഷി ടി വി എസിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിലവിൽ ഹീറോ ഇലക്ട്രിക്കും ലോഹിയയും പോലുള്ള നിർമാതാക്കളാണ് ഇന്ത്യയിൽ വൈദ്യുത ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നത്. പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ തുടങ്ങിയവരൊക്കെ ഈ മേഖലയിലെക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ദൃശ്യമല്ല. വ്യവസായ മേഖലയും സർക്കാരും തീവ്രമായി പരിശ്രമിച്ചിട്ടും രാജ്യത്തെ വൈദ്യുത സ്കൂട്ടർ വിൽപ്പന കാര്യമായി ഉയർന്നിട്ടില്ലെന്നതാണു വസ്തുത; പ്രതിവർഷം 15,000 — 20,000 യൂണിറ്റാണ് ഈ വിഭാഗത്തിലെ വിൽപ്പന. അതേസമയം പെട്രോൾ എൻജിനുള്ള 1.70 കോടി ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ പ്രതിവർഷം വിറ്റഴിയുന്നത്.