Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈവിധ്യമുള്ള വാഹനങ്ങൾ തുടരുമെന്നു ടൊയോട്ട

toyota-logo

ആഗോളതലത്തിൽ കർശന മലിനീകരണ നിയന്ത്രണ നിലവാരം വ്യാപിക്കുമ്പോഴും വൈവിധ്യമുള്ള വാഹനങ്ങളുടെ നിർമാണം തുടരുമെന്നു ടൊയോട്ട മോട്ടോർ കോർപറേഷൻ പ്രസിഡന്റ് അകിയൊ ടൊയോഡ. വിവിധ രാജ്യങ്ങൾ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കർശനമാക്കിയതോടെ വാഹന നിർമാതാക്കൾ കൂട്ടത്തോടെ വൈദ്യുത വാഹനങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയാണു ടൊയോട്ടയുടെ വേറിട്ട നിലപാട്.

വൈദ്യുത വാഹനങ്ങൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ടൊയോഡയും അംഗീകരിച്ചു. പക്ഷേ നിയമങ്ങൾക്കും നിബന്ധനകൾക്കുമപ്പുറം ഉപയോക്താക്കളുടെ താൽപര്യത്തെ ആശ്രയിച്ചാവും പവർട്രെയ്നുകളുടെ വിജയമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ധന സെൽ വാഹനങ്ങളും പ്ലഗ് ഇൻ ഹൈബ്രിഡുമടക്കമുള്ള സങ്കര ഇന്ധന സാങ്കേതികവിദ്യകളിൽ ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തുടരും. 

അതേസമയം വൈദ്യുത വാഹന വിഭാഗത്തിലേക്കുള്ള പ്രവേശിക്കാൻ ടൊയോട്ട വൈകിയതായും അദ്ദേഹം അംഗീകരിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുത വാഹന മേഖലയിലേക്കും ടൊയോട്ട പ്രവർത്തനം വ്യാപിപ്പിക്കുമെന്നു ടൊയോഡ വെളിപ്പെടുത്തി. എന്നാൽ കമ്പനിയുടെ ശ്രദ്ധ വൈദ്യുത വാഹന മേഖലയിൽ മാത്രമായി ഒതുങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.