Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതിയോട് ഏറ്റുമുട്ടാൻ ചൈനീസ് ചെറി

Chery Tiggo 2 Chery Tiggo 2

ചൈനീസ് കാർ നിർമാതാക്കളിൽ കയറ്റുമതിയിലെ ആദ്യ സ്ഥാനക്കാരായ ചെറി ഇന്റർനാഷനലും ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ ചൈനീസ് പങ്കാളി കൂടിയാണു ചെറി. ഈ പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രവേശനത്തിനായി ടാറ്റ മോട്ടോഴ്സിനെ കൂട്ടുപിടിക്കുന്നതടക്കമുള്ള സാധ്യതകളാണു ചൈനീസ് പൊതുമേഖല സംരംഭമായ ചെറി ഇന്റർനാഷനലിന്റെ പരിഗണനയിലുള്ളത്. 

പ്രൗഢ പാരമ്പര്യമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയ്ക്കിടെ ചെറി ഇന്റർനാഷനൽ ചെയർമാൻ യിൻ ടോങ്യോയുടെ പ്രതികരണം. ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി ഇന്ത്യൻ വിപണിയിലേക്കു പ്രവേശിക്കാനുള്ള സാധ്യത കമ്പനി തീർച്ചയായും പരിഗണിക്കും. അതേസമയം പങ്കാളിയായി ടാറ്റ മോട്ടോഴ്സിനെ ലഭിച്ചാലും ഇല്ലെങ്കിലും ഇന്ത്യാ പ്രവേശനം സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിപണന സാധ്യതയേറിയ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ചൈനയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഏറെക്കാലമായി ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കാനോ വാഹന വിൽപ്പന തുടങ്ങാനോ ഇതു വരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നു മാത്രം. ആഭ്യന്തര വിപണിയിലെ വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സാധ്യത പ്രയോജപ്പെടുത്തുകയാണു ചൈനീസ് നിർമാതാക്കൾക്കു മുന്നിലുള്ള പോംവഴി. 

ഇതുവരെ ചൈനയിൽ നിന്നുള്ള ഷാങ്ഹായ് ഓട്ടമോട്ടീവും(സായ്ക്) ബിക്വി ഫോട്ടോണും മാത്രമാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്. പ്രമുഖ എസ് യു വി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോറിന്റെ പ്രതിനിധികൾ പലകുറി ഇന്ത്യയിലെത്തി ചർച്ചകൾ നടത്തിയതല്ലാതെ അതിനപ്പുറം പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. പ്രവർത്തനം ആരംഭിച്ചു രണ്ടു ദശാബ്ദത്തിനകം 60 ലക്ഷത്തിലേറെ വാഹനം വിറ്റ മികവോടെയാണു ചെറി ഓട്ടമൊബീൽ ഇന്ത്യാ പ്രവേശന സാധ്യതകൾ ആരായുന്നത്.

പ്ലാറ്റ്ഫോം — എൻജിൻ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടു നേരത്തെ ടാറ്റ മോട്ടോഴ്സും ചെറിയുമായി ചർച്ചകൾ നടന്നിരുന്നു. ചെറിയുടെ ഇന്ത്യാ പ്രവേശനവും ആ ഘട്ടത്തിൽ ചർച്ചാ വിഷയമായിരുന്നു. ‘ക്യു ക്യൂ’, ‘എ വൺ’, മൈക്രോ സെഡാനുള്ള ‘എം വൺ’, കോംപാക്ട് കാറായ ‘എം ത്രീ’ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ടാറ്റയ്ക്കു വിൽക്കാനായിരുന്നു 2014ൽ ചെറിയുടെ ശ്രമം. എന്നാൽ ഇതേ ലക്ഷ്യത്തോടെ ടാറ്റ മോട്ടോഴ്സ് ജർമനിയിലെ ഫോക്സ്വാഗനുമായും ഫ്രാൻസിലെ പി എസ് എ ഗ്രൂപ്പുമായുമൊക്കെ ചർച്ച തുടങ്ങിയതോടെ ചെറിയുമായുള്ള സഹകരണസാധ്യത മങ്ങുകയായിരുന്നു. അതേസമയം യൂറോപ്യൻ നിർമാതാക്കളും ടാറ്റയുമായി നടന്ന ചർച്ചകളും ലക്ഷ്യം കാണാതെ മുടങ്ങുകയായിരുന്നു.