Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിക്കാം പെട്രോൾ ‘വിറ്റാര ബ്രെസ’യ്ക്കായി

brezza-1

ആകർഷക വിലയ്ക്ക് ‘നെക്സോൺ’ വിൽപ്പനയ്ക്കെത്തിച്ചു കോംപാക്ട് എസ് യു വി വിപണിയെ ഞെട്ടിച്ചിരിക്കുകയാണു ടാറ്റ മോട്ടോഴ്സ്. ‘നെക്സോണി’ൽ ടാറ്റ കാഴ്ച വയ്ക്കുന്ന പോരാട്ടവീര്യം മുമ്പേ തിരിച്ചറിഞ്ഞാവണം കോംപാക്ട് എസ് യു വി വിപണിയെ നയിക്കുന്ന ‘വിറ്റാര ബ്രെസ’യുടെ പെട്രോൾ പതിപ്പ് പുറത്തിറക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നടപടി തുടങ്ങിയത്. അവതരണ വേള മുതൽ ഇതുവരെ ഡീസൽ എൻജിനോടെ മാത്രമാണ് ‘വിറ്റാര ബ്രെസ’ വിൽപ്പനയ്ക്കുണ്ടായിരുന്നത്. എന്നാൽ മത്സരം മുറുകുന്ന സാഹചര്യത്തിൽ പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതം ‘വിറ്റാര ബ്രെസ’ ലഭ്യമാക്കാനാണു മാരുതി സുസുക്കിയുടെ തയാറെടുപ്പ്.

‘ബലേനൊ ആർ എസി’ലെ പെട്രോൾ എൻജിനാവും ‘വിറ്റാര ബ്രെസ’യ്ക്കും കരുത്തേകുയെന്നാണു സൂചന; പരാമവധി 102 പി എസ് കരുത്തും 150 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒപ്പം ‘ബലേനൊ’യിലെ തന്നെ കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷനും(സി വി ടി) മാരുതി ‘വിറ്റാര ബ്രെസ’യ്ക്കായി കടമെടുക്കുമെന്നാണു സൂചന. മാരുതി സുസുക്കി മോഡലുകൾക്ക് ആവശ്യമായ യന്ത്രഘടകങ്ങൾ ഏറെക്കുറെ പൂർണമായും പ്രാദേശികമായി സമാഹരിക്കുന്നതിനാൽ തികച്ചും മത്സരക്ഷമമായ വിലകളിൽ പെട്രോൾ ‘വിറ്റാര ബ്രെസ’ വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനിക്കു കഴിയും.

ഇതിനു പുറമെ ‘വിറ്റാര ബ്രേസ’യിലെ ഡീസൽ എൻജിനൊപ്പം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ലഭ്യമാക്കാനുള്ള സാധ്യതയും മാരുതി സുസുക്കിയുടെ പരിഗണനയിലുണ്ടെന്നാണു സൂചന. ഫിയറ്റിന്റെ സാങ്കേതികവിദ്യ അടിത്തറയാവുന്ന 1.3 ലീറ്റർ ഡീസൽ എൻജിന് പരമാവധി 90 പി എസ് വരെ കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ടാറ്റയുടെ ‘നെക്സോൺ’ വന്നതിനു പിന്നാലെ നവംബറിൽ ഫോഡ് നവീകരിച്ച ‘ഇകോസ്പോർട്’ പുറത്തിറക്കുന്നതു കൂടി പരിഗണിച്ചാവണം മാരുതി സുസുക്കിയുടെ ഈ മുന്നൊരുക്കങ്ങൾ. ‘നെക്സോണി’ന്റെ അടിസ്ഥാന മോഡൽ 5.85 ലക്ഷം രൂപയ്ക്കു വിപണിയിലെത്തിയ സാഹചര്യത്തിൽ ‘വിറ്റാര ബ്രേസ’യുടെ പെട്രോൾ വകഭേദവും ആറു ലക്ഷം രൂപയിൽ താഴെ വിലയ്ക്കു ലഭ്യമാവുമെന്നു പ്രതീക്ഷിക്കാം; എ എം ടിയുള്ള ഡീസൽ ‘വിറ്റാര ബ്രെസ’യുടെ വില 11 ലക്ഷം രൂപയോടടുത്താവാനാണു സാധ്യത.