Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് യാത്രികനോ പൊലീസോ; തെറ്റുകാരൻ ആര്? വി‍ഡിയോ

Image Captured From Youtube Video Image Captured From Youtube Video

റോഡു നിയമങ്ങൾ യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. കർശനമായ പരിശോധനകൾ യാത്രികരുടെ ജീവൻതന്നെ രക്ഷിക്കാറുണ്ട്. എന്നാൽ ചിലപ്പോഴ‌െങ്കിലും നിയമം പാലിക്കാൻ ചുമതലപ്പെട്ടവർ നിയമം കയ്യിലെടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ബലിയാടുകളാകുന്നതു പൊതുജനം തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വിഡിയോയാണിത്. ഇതു കണ്ടതിനു ശേഷം തെറ്റുകാരൻ ആരെന്ന് നിങ്ങൾക്കു തീരുമാനിക്കാം.

Kerala police Vs Superbikes

ഷാനു ഖാൻ എന്നയാളാണു തനിക്കും സുഹൃത്തുക്കൾക്കുമുണ്ടായ അനുഭവം എന്നു പറഞ്ഞുകൊണ്ടു വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ആറ്റിങ്കലാണ് സംഭവം നടന്നത്. കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുകളിലൊന്നിനു കുറുകെ പൊലീസ് വാഹനം കയറിയതോടെയാണു പ്രശ്നത്തിന് തുടക്കം.

കച്ചേരി നടയിൽ വെച്ച് ഇട റോഡിൽ നിന്ന് ഹൈവേയിലേയ്ക്ക് കയറി വന്ന പൊലീസ് വാഹനത്തിൽ മുട്ടാതിരിക്കാൻ ബൈക്ക് വെട്ടിക്കുകയായിരുന്നു എന്നാണ് ഷാനു പറയുന്നത്. ഇതേതുടർന്നു ബൈക്കിനെ പിന്തുടർന്നെത്തിയ പൊലീസ് ജീപ്പ് ബൈക്കു യാത്രികനെ തടഞ്ഞുനിർത്തുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം. ആദ്യം കയർത്തു സംസാരിച്ച പൊലീസ് വിഡിയോ ചിത്രീകരിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ ഉപദേശം നൽകി പറഞ്ഞു വിടുകയായിരുന്നെന്നും വിഡിയോയിൽ യുവാക്കൾ പറയുന്നു. കൂടാതെ തങ്ങൾ നിയമ ലംഘനം നടത്തിയിട്ടില്ലെന്നും തെളിവായി വിഡിയോയുണ്ടെന്നും യുവാക്കൾ പറയുന്നത് വിഡിയോയിൽ കാണം.

വാഹനം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും ഡ്രൈവർ ബാധ്യസ്ഥനാണ്. വാഹനം നിർത്തിയാൽ പൊലീസ് ഒഫീസർ വാഹനത്തിന്റെ അടുത്തുചെന്നു രേഖകൾ പരിശോധിക്കണം എന്നാണു നിയമം. ഇനി യഥാർഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പതിപ്പ് ആയാലും മതി. അതുമല്ലെങ്കിൽ 15 ദിവസത്തിനകം രേഖകൾ ഹാജരാക്കിയാൽ മതിയാകും. പക്ഷെ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം. 

വാഹനം പരിശോധിക്കുമ്പോൾ മാന്യമായി മാത്രമേ പൊലീസ് പൊരുമാറാവൂ എന്ന് നിയമം അനുശാസിക്കുന്നു. ഒരു കാരണവശാലും പൊലീസ് വാഹനത്തിന്റെ കീ ഊരാൻ പാടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങൾ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്നും നിമയമുണ്ട്. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം. മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ, ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം എന്നും നിയമം അനുശാസിക്കുന്നു.