Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ 3 പുതുകാറുകൾ രൂപകൽപ്പനാഘട്ടത്തിൽ

tata-motors

സാന്നിധ്യമില്ലാത്ത മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി ടാറ്റ മോട്ടോഴ്സ് മൂന്നു പുതിയ യാത്രാവാഹനങ്ങൾ കൂടി സജ്ജമാക്കുന്നു. വിവിധ വിഭാഗങ്ങളിൽ സാന്നിധ്യം ഉറപ്പാക്കാൻ മൂന്നു പുതിയ യാത്രാവാഹനങ്ങളാണു  ടാറ്റ മോട്ടോഴ്സിൽ രൂപകൽപ്പനാഘട്ടത്തിലുള്ളത്.   കോംപാക്ട് എസ് യു വിയായ ‘നെക്സോൺ’ കൂടിയെത്തിയതോടെ ഇന്ത്യൻ യാത്രാവാഹന വിപണിയിലെ 71% മേഖലയിലും കമ്പനിക്കു സാന്നിധ്യമായെന്നാണു കണക്ക്. രൂപകൽപ്പനാഘട്ടത്തിലുള്ള മൂന്നു പുതിയ കാറുകൾ കൂടിയെത്തുന്നതോടെ യാത്രാവാഹന വിപണിയിലെ സാന്നിധ്യം പൂർണമാവുമെന്ന് ടാറ്റ മോട്ടോഴ്സ് ഡിസൈൻ മേധാവി പ്രതാപ് ബോസ് വെളിപ്പെടുത്തി. 

അഞ്ചു സീറ്റുള്ള കാറും ഏഴു സീറ്റുള്ള എസ് യു  വിയും പ്രീമിയം ഹാച്ച്ബാക്കുമാണു ടാറ്റ മോട്ടോഴ്സ് പുതുതായി അവതരിപ്പിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. പുണെയിലും യു കെയിലെ കവൻട്രിയിലും ഇറ്റലിയിലെ ടൂറിനിലുമുള്ള സ്റ്റുഡിയോകൾ കേന്ദ്രീകരിച്ചാണു ടാറ്റ മോട്ടോഴ്സിന്റെ പുതിയ മോഡലുകളുടെ രൂപകൽപ്പന പുരോഗമിക്കുന്നത്. പുതിയ കാറുകൾ 2019 — 20നുള്ളിൽ അനാവരണം ചെയ്യാനാവുമെന്നാണു ബോസിന്റെ പ്രതീക്ഷ. 

പുതിയ മോഡലുകൾ എത്തുംവരെ നിലവിലുള്ള ഉൽപന്നശ്രേണി പരിഷ്കരിക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. ഇപ്പോഴുള്ള ആറു പ്ലാറ്റ്ഫോമുകൾ രണ്ടെണ്ണമായി ചുരുക്കാനാണു കമ്പനിയുടെ ആലോചന. അഡ്വാൻസ്ഡ് മൊഡുലർ, ജഗ്വാർ ലാൻഡ് റോവർ പ്ലാറ്റ്ഫോമുകൾ മാത്രമാവും തുടരുകയെന്നു ബോസ് വ്യക്തമാക്കി. കഴിഞ്ഞ 16 മാസത്തിനിടെ ‘നെക്സോണി’നു പുറമെ ‘ടിയൊഗൊ’, ‘ടിഗൊർ’, ‘ഹെക്സ’ എന്നീ മോഡലുകളാണു കമ്പനി പുറത്തിറക്കിയത്. ഇവയ്ക്കെല്ലാം വിപണി മികച്ച വരേവൽപ്പാണു നൽകിയതെന്നു ബോസ് അവകാശപ്പെട്ടു.