Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹ ചെന്നൈ ശാലയിലെ ഉൽപ്പാദനം 10 ലക്ഷം കടന്നു

yamaha-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോറി(ഐ വൈ എം)ന്റെ ചെന്നൈ ശാലയിൽ നിന്നുള്ള ഉൽപ്പാദനം 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. സ്റ്റൈൽ സമ്പന്നമായ ഗീയർരഹിത സ്കൂട്ടറായ ‘ഫസിനൊ’യാണ് ചെന്നൈ ശാലയിൽ നിന്നുള്ള ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്. സ്കൂട്ടറുകളായ ‘റേ സീ’, ‘റേ സീ ആർ’, ‘ആൽഫ’, ബൈക്കുകളായ ‘സല്യൂട്ടൊ’, ‘സല്യൂട്ടൊ ആർ എക്സ്’ എന്നിവയും കമ്പനി ഈ ശാലയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ മൊത്തം ഉൽപ്പാദനത്തിൽ എട്ടര ലക്ഷം യൂണിറ്റും കമ്പനി ആഭ്യന്തര വിപണിയിലാണു വിറ്റത്; അവശേഷിക്കുന്ന ഒന്നര ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്തു.

യമഹയുടെ ചെന്നൈ ശാല 2015 മാർച്ചിലാണ് ഉൽപ്പാദനം ആരംഭിച്ചത്; തുടക്കത്തിൽ പ്രതിവർഷം നാലര ലക്ഷം യൂണിറ്റായിരുന്നു ശാലയുടെ ഉൽപ്പാദനശേഷി. രണ്ടു വർഷത്തിനിടെ ശാലയുടെ ശേഷി ഐ വൈ എം ആറു ലക്ഷം യൂണിറ്റായി ഉയർത്തിയിരുന്നു. 2019 ആകുമ്പോഴേക്ക് ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി ഒൻപതു ലക്ഷമായി ഉയർത്താനും കമ്പനിക്കു പദ്ധതിയുണ്ട്. കമ്പനിയുടെ സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും സ്വീകാര്യതയേറുന്നതിനാലാണു ശാലയുടെ ഉൽപ്പാദനം ഉയരുന്നതെന്നും  ഐ വൈ എം വിശദീകരിച്ചു. രണ്ടു വർഷത്തിനകം ചെന്നൈയിലും ഉത്തർപ്രദേശിലെ സുർജാപൂരിലുമുള്ള ശാലകളിൽ നിന്നായി പ്രതിവർഷം 16 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

ചെന്നൈ ശാലയിൽ നിന്ന് ഇതുവരെയുള്ള ഉൽപ്പാദനത്തിൽ ‘ഫസിനൊ’യാണു മുന്നിൽ: 3.70 ലക്ഷം. ശാലയിലെ മൊത്തം ഉൽപ്പാദനത്തിൽ 70 ശതമാനവും സ്കൂട്ടറുകളാണ്; ബാക്കി 30% മോട്ടോർ സൈക്കിളുകളും. രണ്ടു വർഷത്തിനകം ചെന്നൈ ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം 10 ലക്ഷം യൂണിറ്റിലെത്തിയതു കമ്പനി വിൽക്കുന്ന ബ്രാൻഡുകളുടെ ജനപ്രീതി ഉയർന്നതിന്റെ സൂചനയാണെന്ന് ഐ വൈ എം ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ റിയുജി കവാഷിമ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ വർധിച്ചു വരുന്ന ആവശ്യത്തിനനുസൃതമായി കമ്പനി ഉൽപ്പാദനശേഷി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തനം ആരംഭിച്ച ആദ്യ വർഷം 2.29 ലക്ഷം യൂണിറ്റാണ് ചെന്നൈയിൽ ഉൽപ്പാദിപ്പിച്ചതെന്ന് ഐ വൈ എം വൈസ് പ്രസിഡന്റ് മുകേഷ് കുമാർ അറിയിച്ചു. 2016ലെ ഉൽപ്പാദനമാവട്ടെ 4.17 ലക്ഷം യൂണിറ്റായിരുന്നു. ഇക്കൊല്ലം ഇതുവരെ 3.54 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.  ഇതുവരെ 1,300 കോടി രൂപയാണു യമഹ ചെന്നൈ ശാലയ്ക്കായി മുടക്കിയത്. അടുത്ത വർഷത്തിനകം 200 കോടി രൂപ കൂടി ഇവിടെ നിക്ഷേപിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. യമഹ മോട്ടോർ ഗ്രൂപ്പിൽ ഇതാദ്യമായി വെണ്ടർ പാർക്ക് കൂടിയുള്ള ഉൽപ്പാദനകേന്ദ്രമാണു ചെന്നൈയിലേത്. പാർക്കിലെ ഒൻപതു കമ്പനികൾ ചേർന്ന് 760 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചത്; 1,900 തൊഴിലവസരങ്ങളും ഈ പാർക്ക് സൃഷ്ടിച്ചിട്ടുണ്ട്.