Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകമെങ്ങും വൈദ്യുത കാർ നിർമിക്കാൻ ഔഡി

audi-logo

ആഗോളതലത്തിൽ തന്നെ വൈദ്യുത വാഹന വിൽപ്പന വ്യാപിപ്പിക്കാൻ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഒരുങ്ങുന്നു. പൂർണമായും മലിനീകരണ വിമുക്തമാവുകയെന്ന ലക്ഷ്യത്തോടെ മെക്സിക്കോയിലും ഹംഗറിയിലുമടക്കം വൈദ്യുത വാഹനങ്ങൾ നിർമിക്കുമെന്നാണ് ഔഡിയുടെ പ്രഖ്യാപനം. വ്യാപക വിൽപ്പന ലക്ഷ്യമിടുന്ന, ബാറ്ററിയിൽ ഓടുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ നിർമാണത്തിന് ഔഡി ബ്രസൽസ് ശാലയെയാണു തിരഞ്ഞെടുത്തിരുന്നത്. ഇതോടെ ജർമനിക്കും വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളി യൂണിയനുകൾ രംഗത്തെത്തുകയായിരുന്നു.

തുടർന്നാണ് ആഗോളതലത്തിൽ തന്നെ എല്ലാ ശാലയിലും വൈദ്യുത കാറുകൾ നിർമിക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് റുപർട് സ്റ്റാഡ്ലർ പ്രഖ്യാപിച്ചത്. ജർമനിയിലെ ഇൻഗോൾസ്റ്റാഡിനും നെക്കർസമിനും പുറമെ ബെൽജിയത്തിലും മെക്സിക്കോയിലും ഹംഗറിയിലുമാണ് ഔഡിക്ക് നിർമാണശാലകളുള്ളത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ ഫോക്സ്വാഗന്റെയും ഗ്രൂപ്പിൽ പെട്ട ചെക്ക് ബ്രാൻഡായ സ്കോഡയുടെയും ശാലകൾ പ്രയോജനപ്പെടുത്തിയും ഔഡി ആഡംബര കാറുകൾ നിർമിക്കുന്നുണ്ട്.

വരുന്ന ഏഴു വർഷത്തിനം ഇരുപതിലേറെ വൈദ്യുതീകൃത വാഹനങ്ങൾ പുറത്തിറക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. ഇതിൽ പന്ത്രണ്ട് എണ്ണത്തോളം ബാറ്ററിയിൽ തന്നെ ഓടുന്നവയാവുമെന്ന് ഡവലപ്മെന്റ് വിഭാഗം മേധാവി പീറ്റർ മെർടെൻസ് വെളിപ്പെടുത്തിയിരുന്നു. മലനീകരണ വിമുക്തമായ കാറുകളുടെ നിർമാണത്തിനുള്ള മത്സരത്തിൽ അവസരം നഷ്ടമാവുമോയെന്ന ആശങ്കയാണ് ജർമനിയിലെ ഔഡി തൊഴിലാളികൾ പ്രകടിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ മേധാവി പീറ്റർ മോഷ് കമ്പനിയുടെ മാനേജ്മെന്റുമായി ചർച്ചകളും നടത്തി. വൈദ്യുത വാഹന നിർമാണ വിഷയത്തിൽ വർഷാവസാനത്തോടെ തീരുമാനമുണ്ടാവണമെന്നാണു മോഷിന്റെ നിലപാട്.