Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് എം എസ് ഐ വിപണന കേന്ദ്രങ്ങൾ 5,500 പിന്നിട്ടു

honda-logo

ഇന്ത്യൻ ഇരുചക്രവാഹന ചരിത്രത്തിലെ ഏറ്റവും വലിയതും വേഗത്തിലുള്ളതുമായ വിപണന ശൃംഖലാ വിപുലീകരണം കമ്പനി നടപ്പാക്കിയെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). കഴിഞ്ഞ രണ്ടര വർഷത്തിനിടെ രാജ്യത്തെ വിപണന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം; 2,800 പുതിയ ടച് പോയിന്റുകളാണത്രെ കമ്പനി കഴിഞ്ഞ 30 മാസത്തിനിടെ തുറന്നത്. ഉത്തർപ്രദേശിലെ മിഴ്സാപ്പൂരിലെ സബ് ഡീലറായ രുദ്ര ഹോണ്ട പ്രവർത്തനം തുറന്നതോടെ ഇന്ത്യയിലെ ഔട്ട്ലെറ്റുകളുടെ എണ്ണം 5,500 പിന്നിട്ടെന്നും ഹോണ്ട വെളിപ്പെടുത്തി. 

ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറിയതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 9,500 കോടിയോളം രൂപയാണു കമ്പനി പുതിയ നിർമാണശാലകൾക്കായി നിക്ഷേപിച്ചതെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊ അറിയിച്ചു. ഇതോടെ 2010 — 11ൽ മൊത്തം 16 ലക്ഷം യൂണിറ്റായിരുന്ന വാർഷിക ഉൽപ്പാദനശേഷി ഇപ്പോൾ 64 ലക്ഷമായി ഉയർന്നു. മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചതിനൊപ്പം 110 സി സി മുതൽ 180 സി സി വരെ എൻജിൻ ശേഷിയുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എച്ച് എം എസ് ഐ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി വിപണനശൃംഖല ഊർജിതമായി വിപുലീകരിച്ചത്. 

ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ച് ആദ്യ 14 വർഷത്തിനുള്ളിൽ 2,700 ഔട്ട്ലെറ്റുകളാണ് എച്ച് എം എസ് ഐ തുറന്നത്; 2014 — 15 അവസാനിക്കുമ്പോഴുള്ള കണക്കാണിതെന്നും കാറ്റൊ വ്യക്തമാക്കി. തുടർന്നുള്ള ഹ്രസ്വകാലത്തിനിടയിലാണു അർധ നഗര, ഗ്രാമീണ മേഖലയിലേക്കു വിപണനം വ്യാപിപ്പിക്കാൻ കമ്പനി ഊർജിത നടപടി സ്വീകരിച്ചത്. പുതുതായി ആരംഭിച്ച വിപണന കേന്ദ്രങ്ങളിൽ 70 ശതമാനത്തോളം ഗ്രാമീണ മേഖലയിലാണെന്നും എച്ച് എം എസ് ഐ വ്യക്തമാക്കുന്നു.  നടപ്പു സാമ്പത്തിക വർഷം 500 പുതിയ വിപണന കേന്ദ്രങ്ങൾ തുറക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്; ഇതിൽ 300 എണ്ണം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു.