Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാറിനായി ടൊയോട്ട — മസ്ദ സഖ്യം

Signing of partnership agreement between Mazda and Toyota Signing of partnership agreement between Mazda and Toyota

വൈദ്യുത വാഹന മേഖലയിലെ പ്രവർത്തനം ഊർജിതമാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ പങ്കാളിയായ മസ്ദ മോട്ടോർ കോർപറേഷന്റെ സഹകരണം തേടുന്നു. ബാറ്ററിയിൽ ഓടുന്ന കാറുകളുടെ മേഖലയിൽ എതിരാളികൾ കൈവരിച്ച മുന്നേറ്റത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ടൊയോട്ട പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുന്നത്.

മിനി വെഹിക്കിൾ, പാസഞ്ചർ കാർ, എസ് യു വി, ലഘു ട്രക്ക് തുടങ്ങിയ മേഖലകളിൽ വൈദ്യുത വാഹനം നിർമിക്കാൻ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണു പുതിയ കമ്പനിയുടെ ദൗത്യമെന്നു ടൊയോട്ട വ്യക്തമാക്കുന്നു.‘ഇ വി കോമൺ ആർക്കിടെക്ചർ സ്പിരിറ്റ് കമ്പനി ലിമിറ്റഡ്’ എന്നു പേരിട്ട പുതിയ സംരംഭത്തിന്റെ 90% ഓഹരിയും ടൊയോട്ടയുടെ പക്കലാവും. മസ്ദയ്ക്കും ടൊയോട്ടയുടെ ഏറ്റവും വലിയ സപ്ലയർമാരായ ഡെൻകൊ കോർപറേഷനും കമ്പനിയിൽ അഞ്ചു ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. 

മസ്ദയുമായി പങ്കാളിത്തത്തിനു കഴിഞ്ഞ ഓഗസ്റ്റിലാണു ജപ്പാനിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ട തീരുമാനമെടുത്തത്; മസ്ദയുടെ അഞ്ചു ശതമാനം ഓഹരി ടൊയോട്ട വാങ്ങിയായിരുന്നു തുടക്കം. തുടർന്ന് ന്യായവിലയ്ക്ക് വിൽക്കാവുന്ന വൈദ്യുത വാഹന വികസനത്തിനായി ഇരുകമ്പനികളും സഹകരിക്കുമെന്നും പ്രഖ്യാപനമെത്തി. 

വരുന്ന രണ്ടോ മൂന്നു ദശകത്തിനുള്ളിൽ വൈദ്യുത കാറുകളിലേക്കുള്ള പരിവർത്തനമാണ് ചൈനയും ഇന്ത്യയും പോലുള്ള വലിയ വിപണികൾ ലക്ഷ്യമിടുന്നത്. നയപമായ ഈ വ്യതിയാനം ടൊയോട്ടയെ പോലുള്ള പരമ്പരാഗത വാഹന നിർമാതാക്കളെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ബാറ്ററികളുടെ വില കുറഞ്ഞതും കൂടുതൽ കാര്യക്ഷമതയുള്ള ബാറ്ററികൾ ലഭ്യമായതുമൊക്കെ വൈദ്യുത കാർ വ്യാപനത്തിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

നിലവിൽ ടൊയോട്ടയുടെയോ മസ്ദയുടെയോ ശേഖരത്തിൽ പൂർണ തോതിലുള്ള വൈദ്യുത വാഹനങ്ങളിലില്ലെന്നതും ശ്രദ്ധേയമാണ്. പോരെങ്കിൽ ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങളുടെ വികസനത്തിനായി ഏറെ വർഷം ചെലവഴിച്ച ശേഷമാണ് ടൊയോട്ടയുടെ ശ്രദ്ധ വൈദ്യുത വാഹന മേഖലയിലേക്കു തിരിയുന്നത്. ഈ ലക്ഷ്യം മുൻനിർത്തി പ്രസിഡന്റ് അകിയൊ ടൊയോഡയുടെ നേതൃത്വത്തിൽ പുതിയ വിഭാഗം തന്നെ കമ്പനി രൂപീകരിച്ചിട്ടുണ്ട്. വരുംവർഷങ്ങളിൽ ചൈനീസ് വിപണിയിൽ വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുമെന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്.