Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 ലക്ഷം പിന്നിട്ട് ടി വി എസ് ‘ജുപ്പീറ്റർ’

TVS Jupiter Classic TVS Jupiter Classic

ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ടി വി എസ് മോട്ടോർ കമ്പനി. നിരത്തിലെത്തി നാലു വർഷത്തിനുള്ളിലാണ് ‘ജുപ്പീറ്റർ’ ഈ നേട്ടം കൈവരിച്ചതെന്നും ടി വി എസ് അറിയിച്ചു. 2013ൽ അരങ്ങേറ്റം കുറിച്ച ‘ജുപ്പീറ്റർ’ വിൽപ്പനയിലെ ആദ്യ 10 ലക്ഷം തികച്ചത് 30 മാസത്തിനുള്ളിലായിരുന്നു; ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്കൂട്ടറാണു ‘ജുപ്പീറ്റർ’ എന്നു ടി വി എസ് അവകാശപ്പെടുന്നു.

പുതിയ നാഴികക്കല്ലുകൾ താണ്ടി ‘ജുപ്പീറ്റർ’ മുന്നേറുന്നത് ഏറെ ആഹ്ലാദം പകരുന്നുണ്ടെന്ന് ടി വി എസ് മോട്ടോർ കമ്പനി കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ് വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) അനിരുദ്ധ ഹാൽദാർ അഭിപ്രായപ്പെട്ടു. വെറും നാലു വർഷം കൊണ്ടാണ് ‘ജുപ്പീറ്റർ’ ഈ നേട്ടം കൈവരിച്ചതെന്നും ഇതു ചരിത്രനേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരുത്തിന്റെയും പ്രകടനക്ഷമതയുടെയും ഇന്ധനക്ഷമതയുടെയും മികച്ച സംഗമമാണ് ‘ജുപ്പീറ്ററി’ൽ ടി വി എസ് വാഗ്ദാനം ചെയ്യുന്നത്. ഘർഷണസാധ്യത കുറഞ്ഞ 110 സി സി അലൂമിനിയം എൻജിൻ കരുത്തേകുന്ന സ്കൂട്ടർ അടിസ്ഥാന, ‘ഡി എക്സ്’ വകഭേദങ്ങൾക്കൊപ്പം ഡിസ്ക് ബ്രേക്കുള്ള ‘സെഡ് എക്സ്’ വകഭേദത്തിലും വിൽപ്പനയ്ക്കുണ്ട്.  കഴിഞ്ഞ മാസം ആദ്യം ‘ജുപ്പീറ്ററി’ന്റെ ‘ക്ലാസിക്’ പതിപ്പും ടി വി എസ് പുറത്തിറക്കിയിരുന്നു;  55,266 രൂപയാണു സ്കൂട്ടറിന്റെ ഡൽഹി ഷോറൂമിലെ വില.

സൺലിറ്റ് ഐവറി നിറം, ‘ക്ലാസിക് എഡീഷൻ’ ബാഡ്ജിങ്, വൃത്താകൃതിയിലുള്ള ക്രോം മിറർ, ക്രോം ബാക്ക്റസ്റ്റ്, സ്മാർട് യു എസ് ബി ചാർജർ, സുഖകരമായ യാത്ര ഉറപ്പു നൽകുന്ന ഇരട്ട വർണ സീറ്റ്, ഡിസ്ക് ബ്രേക്ക് എന്നിവയൊക്കെ സഹിതമാണു ടി വി എസ് പുതിയ ‘ജുപ്പീറ്റർ’ അവതരിപ്പിച്ചത്. കഴിഞ്ഞ മാർച്ച് മധ്യത്തോടെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) നിലവാരമുള്ള ‘ജുപ്പീറ്റർ’ ടി വി എസ് വിൽപ്പനയ്ക്കെത്തിച്ചിരുന്നു. ജെയ്ഡ് ഗ്രീൻ, മിസ്റ്റിക് ഗോൾഡ് എന്നീ പുതുനിറങ്ങളിൽ കൂടി ബി എസ് നാല് നിലവാരമുള്ള ‘ജുപ്പീറ്റർ’ ടി വി എസ് ലഭ്യമാക്കിയിരുന്നു. ഇതിനു പുറമെ റോയൽ വൈൻ, മാറ്റ്  ബ്ലൂ, സ്റ്റാലിയൻ ബ്രൗൺ, ടൈറ്റാനിയം ഗ്രേ, മിഡ്നൈറ്റ് ബ്ലാക്ക്, വോൾകാനൊ റെഡ്, പ്രിസ്റ്റീൻ വൈറ്റ് നിറങ്ങളിലും ‘ജുപ്പീറ്റർ’ വിൽപ്പനയ്ക്കുണ്ട്.