Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് വൺ: 2020 വരെ തുടരാൻ ചൈനീസ് ഗ്രാൻപ്രി

formula-one-logo

ഷാങ്ഹായ് ആതിഥ്യമരുളുന്ന ചൈനീസ് ഗ്രാൻപ്രി അടുത്ത മൂന്നു വർഷത്തേക്കു കൂടി ഫോർമുല വൺ കാറോട്ട മത്സര വേദിയായി തുടരുമെന്ന് ഉറപ്പായി. ചൈനീസ് ഗ്രാൻപ്രിയുമായുള്ള കരാർ ദീർഘിപ്പിക്കാൻ വെള്ളിയാഴ്ചയാണു ഫോർമുല വൺ മത്സര സംഘാടകർ തീരുമാനിച്ചത്.  യു എസ് ആസ്ഥാനമായ ലിബർട്ടി മീഡിയ കഴിഞ്ഞ ജൂണിൽ 2018ലെ മത്സര കലണ്ടർ പ്രഖ്യാപിച്ചപ്പോൾ ചൈനീസ് ഗ്രാൻപ്രിയെ ‘പ്രൊവിഷനൽ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ എഫ് വൺ കാറോട്ട മത്സരവേദിയെന്ന നിലയിൽ ഷാങ്ഹായിയുടെ ഭാവിയെക്കുറിച്ചും അഭ്യൂഹങ്ങൾ ശക്തമായി.  എന്നാൽ 2018 — 2020 കാലത്ത് ഗ്രാൻപ്രി തുടരാൻ പ്രാദേശിക സംഘാടകരായ ഷാങ്ഹായ് ജസ് സ്പോർട്സ് ഡവലപ്മെന്റുമായി ധാരണയിലെത്തിയെന്നാണു ലിബർട്ടി മീഡിയ വ്യക്തമാക്കിയത്. 

മൂന്നു വർഷത്തേക്കു കൂടി ചൈനീസ് ഗ്രാൻപ്രി ഫോർമുല വൺ ലോക ചാംപ്യൻഷിപ് മത്സരകലണ്ടറിൽ തുടരുമെന്ന കാര്യം പ്രഖ്യാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് എഫ് വൺ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചെയ്സ് കാരി അറിയിച്ചു. ഫോർമുല വൺ കാറോട്ട മത്സരത്തിനു ചൈനയിൽ ലഭിച്ച പ്രതികരണം തകർപ്പൻ ആണെന്നും ഈ രാജ്യത്തു കൂടുതൽ സാധ്യതയുണ്ടെന്നു കരുതുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ചൈനീസ് സംഘാടകരുമായുള്ള പുതുക്കിയ കരാർ സംബന്ധിച്ച സൂചനകളൊന്നും അദ്ദേഹം നൽകിയില്ല. 2004ലായിരുന്നു ഷാങ്ഹായിലെ ചൈനീസ് ഗ്രാൻപ്രിയുടെ അരങ്ങേറ്റം. 

ദീർഘകാലമായി ചാംപ്യൻഷിപ്പിനെ നയിച്ചിരുന്ന ബെർണി എക്ൽസ്റ്റണിൽ നിന്ന് ഏറ്റെടുത്തതോടെ എഫ് വണ്ണിനെ പുനഃനിർമിക്കാനുള്ള ശ്രമത്തിലാണു ലിബർട്ടി മീഡിയ. ചൈനയിലും ഏഷ്യയിലുമുള്ള സാധ്യത തിരിച്ചറിഞ്ഞ് ഈ മേഖലയിലെ മത്സരങ്ങൾ തുടരുന്നെന്ന് ഉറപ്പാക്കാനാണു പുതിയ സംഘാടകരുടെ ശ്രമം. ഇതിന്റെ ഭാഗമായി സിംഗപ്പൂർ ഗ്രാൻപ്രി സംഘാടകരുമായി 2021 വരെ കരാർ ദീർഘിപ്പിക്കാനും ലിബർട്ടി മീഡിയയ്ക്കായി. അതേസമയം ഈ സീസൺ കഴിയുന്നതോടെ ഫോർമുല വണ്ണിൽ നിന്നു പിൻമാറുകയാണെന്നു സെപാങ് ആതിഥ്യമരുളുന്ന മലേഷ്യൻ ഗ്രാൻപ്രി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സര നടത്തിപ്പു ചെലവുകൾ കുത്തനെ ഉയർന്നെന്ന ആരോപണമുയർത്തിയാണു മലേഷ്യയുടെ പിൻമാറ്റം.