Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷമാക്കാൻ ‘ഓൾട്ടോ 800 ഉത്സവ്’

Maruti Suzuki Alto 800 Utsav Maruti Suzuki Alto 800 Utsav

രാജ്യം നവരാത്രി, ദീപാവലി ആഘോഷ ലഹരിയിലമർന്നതോടെ രാജ്യത്തെ വാഹന വിപണിയിൽ പ്രത്യേക പതിപ്പുകളുടെയും പുതുമോഡലുകളുടെയും കുത്തൊഴുക്കാണ്. ചെറുകാറായ ‘ഓൾട്ടോ 800’ ഉത്സവപതിപ്പിലാക്കിയാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആഘോഷങ്ങളിൽ പങ്കു ചേരുന്നത്. മുന്തിയ വകഭേദമായ ‘വി എക്സ് ഐ’ അടിത്തറയാവുന്ന ‘ഉത്സവ് എഡീഷനി’ൽ കാഴ്ചപ്പുറത്തെ പുതുമകളാണു പ്രതീക്ഷിക്കാനുള്ളത്. പുതിയ ബോഡി ഗ്രാഫിക്സ് പോലുള്ള പരിഷ്കാരങ്ങൾക്കായി 20,000 രൂപയാണു കമ്പനി അധിക വിലയായി ഈടാക്കുന്നത്. 

പുതിയ സീറ്റ് കവർ, ഔട്ടർ റിയർവ്യൂ മിറർ(ഒ വി ആർ എം) കവർ, ഡോർ സീൽ ഗാഡ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയാണു കാറിൽ മാരുതിയുടെ വാഗ്ദാനം. മെച്ചപ്പെട്ട സുരക്ഷയ്ക്കായി കാറിൽ റിവേഴ്സ് പാർക്കിങ് സെൻസറും ലഭ്യമാക്കിയിട്ടുണ്ട്. 

കാബിനുള്ളിൽ നിന്നു തന്നെ ക്രമീകരിക്കാവുന്ന ഒ വി ആർ എം, ബോഡി സൈഡ് മോൾഡിങ്, ബോഡിയുടെ നിറമുള്ള ഡോർ ഹാൻഡിലും ബംപറും, സ്റ്റീരിയോ സംവിധാനം, കീ രഹിത എൻട്രി, പിൻ സീറ്റിൽ ചൈൽഡ് ലോക്ക്, സെൻട്രൽ ഡോർ ലോക്ക് തുടങ്ങിയവയൊക്കെ മുമ്പു തന്നെ ‘ഓൾട്ടോ 800 വി എക്സ് ഐ’യിലുണ്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഡ്രൈവറുടെ ഭാഗത്ത് എയർബാഗ് ഘടിപ്പിക്കാനും അവസരമുണ്ട്. എന്നാൽ എൻട്രി ലവൽ വിഭാഗത്തിൽ കൂടുതൽ പുതുമകൾ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ‘ഓൾട്ടോ 800 ഉത്സവ് എഡീഷൻ’ എത്തുന്നതെന്നാണു മാരുതി സുസുക്കി നയം വ്യക്തമാക്കുന്നത്.

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ഓൾട്ടോ 800 ഉത്സവ് എഡീഷ’ന്റെയും വരവ്. കാറിലെ 800 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനു പരമാവധി 48 പി എസ് വരെ കരുത്തും 69 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. ലീറ്ററിന് 24.70 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഹ്യുണ്ടേയ് ‘ഇയോൺ’, റെനോ ‘ക്വിഡ്’, ഡാറ്റ്സൻ ‘റെഡി ഗൊ’ തുടങ്ങിയവരോടാണ് ‘ഓൾട്ടോ’യുടെ പോരാട്ടം.