Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനു ബാറ്ററി കാർ: മഹീന്ദ്രയേയും നിസ്സാനേയും മലർത്തിയടിച്ച് ടാറ്റ

tata-tigor-testdrive-8 Tata Tigor

രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫിസുകൾക്കായി വൈദ്യുത കാറുകൾ നിർമിക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സിന്. വിവിധ ഓഫിസുകളിലെ പെട്രോൾ, ഡീസൽ കാറുകൾക്കു പകരമായി മൊത്തം 10,000 വൈദ്യുത വാങ്ങാൻ വാങ്ങാൻ ലക്ഷ്യമിട്ടായിരുന്നു എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) ഓഗസ്റ്റിൽ കരാർ നടപടികൾക്കു തുടക്കമിട്ടത്. വിദേശത്തു നിന്നടക്കമുള്ള വാഹന നിർമാതാക്കൾ പങ്കെടുത്ത ടെൻഡറിലൂടെയാണുടാറ്റ മോട്ടോഴ്സിനെ തിരഞ്ഞെടുത്തതെന്ന് ഇ ഇ എസ് എൽ വ്യക്തമാക്കി.

രണ്ടു ഘട്ടമായിട്ടാണ് ഇ ഇ എസ് എൽ 10,000 വൈദ്യുത വാഹനം വാങ്ങുക; ആദ്യ ഘട്ടത്തിലെ 500 കാറുകൾ അടുത്ത മാസത്തോടെ ലഭ്യമാക്കണം. അവശേഷിക്കുന്ന 9,500 കാറുകളാണു രണ്ടാം ഘട്ടത്തിൽ നിർമിച്ചു നൽകേണ്ടത്. ആഗോളതലത്തിൽ തന്നെ വൈദ്യുത വാഹനം വാങ്ങാനുള്ള ഏറ്റവും വലിയ ഒറ്റ ടെൻഡർ നടപടികൾക്കായിരുന്നു ഇ ഇ എസ് എൽ തുടക്കമിട്ടത്. ടാറ്റ മോട്ടോഴ്സിനു പുറമെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും ജപ്പാനിൽ നിന്നുള്ള നിസ്സാൻ മോട്ടോഴ്സും കാർ ലഭ്യമാക്കാൻ രംഗത്തുണ്ടായിരുന്നു. 

ബാറ്ററിയിൽ ഓടുന്ന കാർ 10.16 ലക്ഷം രൂപ(ജി എസ് ടി പുറമെ) നൽകാമെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. ഇതോടെ നികുതിയടക്കം 11.20 ലക്ഷം രൂപയ്ക്കാണു കാറുകൾ ഇ  എസ് എലിനു ലഭിക്കുക. പോരെങ്കിൽ കാറുകൾക്ക് അഞ്ചു വർഷക്കാലത്തെ സമഗ്ര വാറന്റിയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ മൂന്നു വർഷ വാറന്റിയോടെ വിപണിയിൽ ലഭിക്കുന്ന വൈദ്യുത കാറിന്റെ വിലയെ അപേക്ഷിച്ച് 25% കുറവാണിതെന്നാണു കണക്കാക്കുന്നത്.

കുറഞ്ഞ വില ക്വോട്ട് ചെയ്ത സാഹചര്യത്തിൽ മൊത്തം കാറുകളുടെ 60% ലഭ്യമാക്കാനുള്ള അവകാശം ടാറ്റ മോട്ടോഴ്സിനു ലഭിക്കും. കാറിന് 13 ലക്ഷം രൂപ ആവശ്യപ്പെട്ട മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണു രണ്ടാം സ്ഥാനത്ത്; ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്ത വിലയ്ക്കും വ്യവസ്ഥകളിലും വാഹനം ലഭ്യമാക്കാമെന്നു സമ്മതിച്ചാൽ കരാറിലെ ബാക്കി 40% അവർക്ക് സ്വന്തമാക്കാമെന്ന് ഇ ഇ എസ് എൽ മാനേജിങ് ഡയറക്ടർ സൗരഭ് കുമാർ അറിയിച്ചു. സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പരാജയപ്പട്ടതോടെ നിസ്സാൻ മോട്ടോഴ്സിനെ അയോഗ്യരാക്കിയെന്നും ഇ ഇ എസ് എൽ അറിയിച്ചു. 

ഇറക്കുമതി ചെയ്ത ബാറ്ററികൾ സഹിതം സെഡാനായ ‘ടിഗൊറി’ന്റെ ഇലക്ടിക് പതിപ്പാവും ടാറ്റ മോട്ടോഴ്സ് ഇ ഇ എസ് എല്ലിനു വിൽക്കുക. ആദ്യഘട്ടത്തിൽ 250 കാർ മാത്രമേ ലഭ്യമാക്കാൻ കഴിയൂ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.