Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപസിനെ അടിസ്ഥാനമാക്കി വില കുറഞ്ഞ എസ്‌യുവിയുമായി ഫീയറ്റ്

Fiat Small SUV Fiat Small SUV

ഇന്ത്യന്‍ വിപണിയിൽ മാത്രമല്ല രാജ്യാന്തര വിപണികളിലും ജീപ്പ് കോംപസ് സൂപ്പർ ഹിറ്റായിരുന്നു. ഗ്രാന്റ് ചെറോക്കി സ്റ്റൈലിൽ എത്തിയ ഈ ചെറു എസ് യു വി ഉപഭോക്താക്കളുടെ മനസിൽ അതിവേഗം ഇടം കണ്ടെത്തി. ഇപ്പോഴിതാ ജീപ്പ് കോംപസിനെ ആധാരമാക്കി എസ്‌യുവി നിർമിക്കാൻ മാതൃകമ്പനിയായ ഫീയറ്റും തയാറെടുക്കുന്നു. 

ഫീയറ്റിന്റെ സ്മോൾ വൈഡ് പ്ലാറ്റ്ഫോമിലാണ് ജീപ്പിന്റെ ചെറു എസ് യു വികളായ കോംപസും റെനഗേഡും നിർമിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിൽ തന്നെ കോംപസിന്റെ ഡിസൈൻ ഘടകങ്ങൾ കടം കൊണ്ടായിരിക്കും പുതിയ എസ് യു വിയെ ഫീയറ്റ് വികസിപ്പിക്കുക. കോംപസിനെ കൂടാതെ നിലവിൽ ഫീയറ്റിന് രാജ്യാന്തര വിപണിയിലുള്ള ടോറോ ട്രക്കിന്റേയും ഡിസൈൻ ഘടകങ്ങൾ പുതിയ എസ്‌യുവിയിലുണ്ടാകും.

പ്രധാനമായും ദക്ഷിണ അമേരിക്കൻ വിപണിയെ ഉദ്ദേശിച്ചാകും കമ്പനി പുതിയ എസ്‌യുവി പുറത്തിറക്കുക. ഇന്ത്യയിൽ ജീപ്പ് കോംപസിന് ലഭിക്കുന്ന മികച്ച പ്രചാരം ഫീയറ്റിന്റെ ചെറു എസ് യുവിയെ വിപണിയിൽ എത്തിക്കുന്നതിൽ നിന്ന് കമ്പനിയെ പിന്തിരിപ്പിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോംപസിൽ ഉപയോഗിക്കുന്ന അതേ എൻജിൻ തന്നെയായിരിക്കും പുതിയ എസ് യു വിയിലും. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിൻ 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കിലോമീറ്റർ മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്.