Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ വൈദ്യുത ‘ടിഗൊർ’ നിർമാണം സാനന്ദിൽ

tata-tigor-testdrive-8 Tata Tigor

കേന്ദ്ര സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനുള്ള ബാറ്ററി കാറുകൾ ടാറ്റ മോട്ടോഴ്സ് നിർമിക്കുക ഗുജറാത്തിലെ സാനന്ദ് ശാലയിൽ. പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ടെൻഡറിൽ 10,000 വൈദ്യുത കാറുകൾ ലഭ്യമാക്കാനുള്ള കരാറാണ് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്. 1,120 കോടി രൂപ മൂല്യം കണക്കാക്കുന്ന കരാറിന്റെ ഭാഗമായി സെഡാനായ ‘ടിഗൊറി’ന്റെ വൈദ്യുത പതിപ്പാവും ടാറ്റ കേന്ദ്ര സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനു നിർമിച്ചു നൽകുക. അതേസമയം ചെറുകാറായ ‘നാനോ’ നിർമിക്കാനായി സ്ഥാപിച്ച സാനന്ദ് ശാലയിൽ നിന്ന് വൈദ്യുത സെഡാനായ ‘ടിഗോർ’ ഉൽപ്പാദിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ ‘നാനോ’യ്ക്കു പുറമെ ഹാച്ച്ബാക്കായ ‘ടിയാഗൊ’യും കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ സാധാരണ മോഡലുമാണു ടാറ്റ മോട്ടോഴ്സ് സാനന്ദിൽ നിർമിക്കുന്നത്. പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയാണു ടാറ്റ മോട്ടോഴ്സിനു സാനന്ദിലുള്ളത്. കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫിസുകളിലെ പെട്രോൾ, ഡീസൽ കാറുകൾക്കു പകരമായി 10,000 വൈദ്യുത കാർ വാങ്ങാൻ വാങ്ങാൻ ലക്ഷ്യമിട്ടായിരുന്നു ഇ ഇ എസ് എൽ ഓഗസ്റ്റിൽ കരാർ നടപടികൾക്കു തുടക്കമിട്ടത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെയും നിസ്സാൻ മോട്ടോഴ്സിനെയും പിന്തള്ളിയാണു ടാറ്റ മോട്ടോഴ്സ് ഈ കരാർ നേടിയത്. ആഗോളതലത്തിൽ തന്നെ വൈദ്യുത വാഹനം വാങ്ങാനുള്ള ഏറ്റവും വലിയ ഒറ്റ ടെൻഡർ ആയിരുന്നു ഇ ഇ എസ് എല്ലിന്റേത്.

രണ്ടു ഘട്ടമായിട്ടാണ് ഇ ഇ എസ് എൽ 10,000 വൈദ്യുത വാഹനം വാങ്ങുന്നത്; ആദ്യ ഘട്ടത്തിലെ 500 കാറുകൾ അടുത്ത മാസത്തോടെ ലഭ്യമാക്കണം. അവശേഷിക്കുന്ന 9,500 കാറുകളാണു രണ്ടാം ഘട്ടത്തിൽ നിർമിച്ചു നൽകേണ്ടത്.

ബാറ്ററിയിൽ ഓടുന്ന കാർ 10.16 ലക്ഷം രൂപ(ജി എസ് ടി പുറമെ) നൽകാമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. ഇതോടെ നികുതിയടക്കം 11.20 ലക്ഷം രൂപയ്ക്കാണു കാറുകൾ ഇ  എസ് എലിനു ലഭിക്കുക. കൂടാതെ കാറുകൾക്ക് അഞ്ചു വർഷക്കാലത്തെ സമഗ്ര വാറന്റിയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു. നിലവിൽ മൂന്നു വർഷ വാറന്റിയോടെ വിപണിയിൽ ലഭിക്കുന്ന വൈദ്യുത കാറിന്റെ വിലയെ അപേക്ഷിച്ച് 25% കുറവാണിതെന്നാണു കണക്കാക്കുന്നത്.

ഇറക്കുമതി ചെയ്ത ബാറ്ററികൾ സഹിതം സെഡാനായ ‘ടിഗൊറി’ന്റെ ഇലക്ടിക് പതിപ്പാവും ടാറ്റ മോട്ടോഴ്സ് ഇ ഇ എസ് എല്ലിനു വിൽക്കുക. ആദ്യഘട്ടത്തിൽ 250 കാർ മാത്രമേ ലഭ്യമാക്കാൻ കഴിയൂ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.