Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2023നകം 20 വൈദ്യുത വാഹനമെന്നു ജി എം

GM Bolt EV GM Bolt EV

ഒന്നര വർഷത്തിനകം രണ്ടു പുതിയ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം). കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മേരി ബാര പ്രഖ്യാപിച്ച ‘സീറോ ക്രാഷ്, സീറോ എമിഷൻ, സീറോ കൺജഷൻ’ പദ്ധതിയുടെ ഭാഗമായാണു ജി എമ്മിന്റെ ഈ നീക്കം. ബാറ്ററിയിൽ ഓടുന്ന ‘ഷെവർലെ ബോൾട്ടി’ൽ നിന്നുള്ള പരിചയസമ്പത്ത് പിൻബലമാക്കിയാവും ജി എം പുതിയ മോഡലുകൾ സാക്ഷാത്കരിക്കുക. 2023നകം 20 പുതിയ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാനും ജി എമ്മിനു പദ്ധതിയുണ്ട്.

വാഹനലോകത്തിന്റെ ഭാവി വൈദ്യുത മോഡലുകളാണെന്നാണു ജി എമ്മിന്റെ വിശ്വാസമെന്നു കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(പ്രോഡക്ട് ഡവലപ്മെന്റ്, പർച്ചേസിങ് ആൻഡ് സപ്ലൈ ചെയിൻ) മാർക് റ്യൂസ് അഭിപ്രായപ്പെട്ടു. ഇരുട്ടിവെളുക്കുമ്പോൾ ഈ ഭാവി യാഥാർഥ്യമാവില്ലെങ്കിലും വൈദ്യുതവാഹനങ്ങളുടെ ഉപയോഗവും സ്വീകാര്യതയും വർധിപ്പിക്കാൻ ജി എം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ മലിനീകരണ വിമുക്തമായ വാഹനങ്ങൾ സാധ്യമാക്കാൻ ബാറ്ററി ഇലക്ട്രിക് സാങ്കേതികവിദ്യ മാത്രം മതിയാവില്ലെന്നും ജി എം കരുതുന്നു. അതിനാൽ ബാറ്ററി ഇലക്ട്രിക്കിനൊപ്പം ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ കൂടി പ്രോത്സാഹിപ്പിക്കാനാണു കമ്പനിയുടെ  നീക്കം.

ഈ ലക്ഷ്യത്തോടെ സൈലന്റ് യൂട്ടിലിറ്റി റോവർ യൂണിവേഴ്സൽ സൂപ്പർസ്ട്രക്ചർ അഥവാ ‘സുരുസ്’ എന്ന ആശയവും ജി എം ആവിഷ്കരിച്ചിട്ടുണ്ട്. ഹെവി ഡ്യൂട്ടി ട്രക്ക് ഫ്രെയിമിൽ രണ്ടു വൈദ്യുത മോട്ടോറുകൾ ഘടിപ്പിച്ച ഫോർ വീൽ ഡ്രൈവ് വാഹനത്തിനു കരുത്തേകുന്നത് ഇന്ധന സെല്ലുകളാണ്. ക്ഷമതയും വൈവിധ്യമുള്ള ആർക്കിടെക്ചറും പരിഗണിക്കുമ്പോൾ ‘സുരുസി’നെ മലിനീകരണവിമുക്തമായ ഡലിവറി വെഹിക്കിളും ട്രക്കും ആംബുലൻസുമൊക്കെയായി പരിവർത്തനം ചെയ്യാനാവും.