Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് നിർമിക്കാൻ മോട്ടോർ ഗ്രേഡറുമായി മഹീന്ദ്ര

Mahindra RoadMaster G75 Motor Grader Mahindra RoadMaster G75 Motor Grader

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) നിർമാണോപകരണ നിർമാണ രംഗത്തേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. ‘റോഡ് മാസ്റ്റർ ജി 75’ എന്നു പേരിട്ട മോട്ടോർ ഗ്രേഡറാണ് ഈ വിഭാഗത്തിൽ കമ്പനി അവതരിപ്പിക്കുന്ന ആദ്യ ഉൽപന്നം.

അടുത്ത ഒരു വർഷത്തിനുള്ളിൽ 200 യൂണിറ്റ് വിൽപ്പനയാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹന വിഭാഗം പ്രസിഡന്റ് രാജൻ വധേര അറിയിച്ചു. എതിരാളികളെ അപേക്ഷിച്ചു മൂന്നിലൊന്നു വിലയ്ക്കാണു കമ്പനിയുടെ മോട്ടോർ ഗ്രേഡർ വിൽപ്പനയ്ക്കെത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി; 34.99 ലക്ഷം രൂപയാണ് ‘റോഡ് മാസ്റ്റർ ജി 75’ മോട്ടോർ ഗ്രേഡറിന്റെ വില. അതുകൊണ്ടുതന്നെ കമ്പനിയുടെ മോട്ടോർ ഗ്രേഡറുകൾക്ക് 50 ഓർഡറുകൾ ലഭിച്ചതായും വധേര അവകാശപ്പെട്ടു. മോട്ടോർ ഗ്രേഡർ വിൽപ്പനയിൽ സ്ഥിരതയാർജിച്ച ശേഷമാവും ഈ വിഭാഗത്തിൽ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. 

പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിന്നാണ് ‘റോഡ് മാസ്റ്റർ ജി 75’ പുറത്തെത്തുന്നത്. റോഡ് നിർമാണ രംഗത്തു പ്രവർത്തിക്കുന്ന കരാറുകാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കണക്കിലെടുത്താണ് പുതിയ മോട്ടോർ ഗ്രേഡറിന്റെ വികസനവും രൂപകൽപ്പനയും നിർവഹിച്ചതെന്നും വധേര വിശദീകരിച്ചു. യന്ത്രവൽക്കരണം വ്യാപകമായിട്ടും കാര്യക്ഷമമല്ലാത്ത റോഡ് നിർമാണരീതികളിൽ പിന്തുടരുന്ന കരാറുകാർക്കു സഹായകമാവുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മോഡൽ വികസിപ്പിച്ചതെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. കരാറുകാരുടെ ഉൽപ്പാദനക്ഷമത ഉയർത്താൻ ‘റോഡ് മാസ്റ്റർ ജി 75’ സഹായിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ചെറുകിട, ഇടത്തരം റോഡുകളുടെ നിർമാണത്തിനാണു പുതിയ മോട്ടോർ ഗ്രേഡർ കൂടുതൽ സഹായകമവുകയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ട്രക്ക്, ബസ് ആൻഡ് കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഡിവിഷൻ) വിനോദ് സഹായ് അഭിപ്രായപ്പെട്ടു. ദേശീയ, സംസ്ഥാന പാതകളുടെ വീതികൂട്ടൽ പ്രവർത്തനങ്ങളിലും ഈ ഉൽപ്പന്നം ഗുണകരമാവും. വ്യാവസായിക മേഖലയ്ക്കു കെട്ടിടം നിർമിക്കാനുള്ള നിലം നികത്തൽ, റയിൽ പാളം സ്ഥാപിക്കൽ, മണ്ണുനീക്കൽ, പാർശ്വഭിത്തി നിർമാണം തുടങ്ങിയ മേഖലകളിലും ‘റോഡ് മാസ്റ്റർ ജി 75’ സഹായകമാവുമെന്ന് സഹായ് കരുതുന്നു.