Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂബർ ടാക്സിയിൽ യുവതിക്ക് ദുരനുഭവം, വൈറലായി പോസ്റ്റ്

Uber Imgae Source: Social Media

സ്ത്രീകൾക്ക് യാത്ര ചെയ്യാൻ സുരക്ഷിത മാർഗമാണ് ഓൺലൈൻ ടാക്സികൾ എന്നാണ് വിശ്വാസം. കുറച്ചു നാൾ മുമ്പ് ഡൽഹിയിൽ യൂബർ ഡ്രൈവർ യുവതിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഓൺലൈൻ ടാക്സികൾ അവകാശപ്പെടുന്നത്. എന്നാൽ യൂബറിലെ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണോ എന്ന് ചോദ്യം ഉയർത്തുകയാണ് ഡൽഹി സ്വദേശി പ്രിയ പ്രധാൻ എന്ന യുവതി.

തനിക്കുണ്ടായ അനുഭവം ചിത്രം സഹിതം പ്രിയ സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം മൂന്നാം തീയതിയാണ് ഗുഡാഗാവ് സെക്റ്റർ 82 ൽ നിന്ന് സെക്റ്റർ 50 ലേയ്ക്കുള്ള ഏകദേശം 20 കിലോമീറ്റർ വരുന്ന ദൂരം സഞ്ചരിക്കാനാണ് പ്രിയ യൂബർ ബുക്ക് ചെയ്തത്. രാവിലെ 10.30 എത്താനായി ബുക്ക് ചെയ്ത യൂബർ അരമണിക്കൂർ വൈകി 11 മണിക്കാണ് പിക്ക് ചെയ്യാൻ എത്തിയത്. വൈകി എത്തിയ ഡ്രൈവർ തെറ്റായ വഴിയാണ് പോകുന്നതെന്ന് മനസിലാക്കിയ പ്രിയ വഴി തെറ്റിയെന്ന് പറഞ്ഞപ്പോൾ ഹൈവേ ടോളിന് നൽകാനുള്ള പണം കയ്യിലില്ല (യുബറിന്റെ നിയമപ്രകാരം ടോളിലെ പണം ഡ്രൈവർ നൽകണം) അതുകൊണ്ടാണ് ഇതുവഴി പോകുന്നത് എന്നാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ ആ പണം പ്രിയ നൽകാം എന്ന് സമ്മതിക്കുകയും ശരിയായ വഴിയിലൂടെ പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.

പിന്നീട് ഹൈവേയിലുടെയുള്ള അൽപ യാത്രയ്ക്ക് ശേഷം ഡ്രൈവർ വീണ്ടും ഇടറോഡിൽ കയറി. അതു ചോദ്യം ചെയ്ത പ്രിയയോട് ഇതുവഴി പോയാലും എത്തും എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഡ്രൈവറുടെ ലൈസൻസ് ആവശ്യപ്പെട്ടെങ്കിലും വീട്ടിൽ വെച്ചു മറന്നുവെന്നും ഡ്രൈവർ‌ പറഞ്ഞതായി യുവതി പറയുന്നു. ഇതേ സമയം തന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട പ്രിയയോടെ ടാക്സിയിൽ നിന്ന് ഇറങ്ങി മറ്റൊരു ടാക്സിയിൽ പോകാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടങ്കിലും നിർത്തിയില്ലെന്നും ബഹളം വെച്ചതിന് ശേഷമാണ് നിർത്തിയതെന്നും പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു.

ടാക്സി ബുക്ക് ചെയ്തപ്പോൾ യുബർ ആപ്പിൽ കിരൺ എന്നാണ് ഡ്രൈവറുടെ പേര് കാണിച്ചിരുന്നത്. എന്നാൽ പൊലീസെത്തി ഡ്രൈവിങ് ലൈസൻസ് പരിശോധിച്ചപ്പോഴാണ് ലളിത് എന്നാണ് ഡ്രൈവറുടെ പേര് എന്ന് മനസിലായത്. പ്രിയയുടെ പരാതിയെത്തുടർന്ന് പോലീസ് യൂബർ ഡ്രൈവർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. യൂബറിന്റെ സ്ഥിരം ഉപഭോക്താവായിരുന്ന പ്രിയ ഇനി യൂബർ ഉപയോഗിക്കില്ലെന്നാണ് പറയുന്നത്. കൂടാതെ യൂബർ പോലുള്ള ഓൺലൈൻ ടാക്സികളിലെ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണോ എന്നും പ്രിയ ചോദിക്കുന്നു.

ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഓൺലൈൻ ക്യാബുകളിൽ യാത്ര സുരക്ഷിതമാക്കാൻ ഒട്ടേറെ സംവിധാനങ്ങൾ കമ്പനികൾ നൽകുന്നുണ്ട്. പലപ്പോഴും ഇതിനെപ്പറ്റി അറിവില്ലാത്തതാണു സുരക്ഷാ വീഴ്ചകൾക്കു കാരണമാകുന്നത്. ഓൺലൈൻ ആപ്പുകളിൽ തന്നെ സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. ഒല ക്യാബിലെ യാത്രയിൽ അപകട സാഹചര്യമുണ്ടെങ്കിൽ  എസ്ഒഎസ് സംവിധാനത്തിലൂടെ ഉറ്റവരെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കാൻ സംവിധാനമുണ്ട്.  

ഡ്രൈവർമാർക്ക് ഓരോ യാത്രയ്ക്കു ശേഷവും ഉപയോക്താക്കൾ നൽകുന്ന റേറ്റിങ് ഊബർ കൃത്യമായി പരിശോധിക്കും. ത്രീസ്റ്റാറിൽ താഴെ റേറ്റിങ് ഉള്ള ഡ്രൈവർമാരെ പ്രത്യേകമായി നിരീക്ഷിക്കും. റേറ്റിങ് കുറയാനുള്ള കാരണം കണ്ടെത്തുന്നതു സുരക്ഷാ വിഭാഗത്തിന്റെ ചുമതലയാണ്. വളരെ മോശം റേറ്റിങ് ഉള്ള ഡ്രൈവർമാരെ കമ്പനിയിൽനിന്നു പുറത്താക്കും. 

ഓൺലൈൻ ടാക്സി വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

യാത്രയ്ക്കിടയിൽ കാർ അപകടത്തിൽ പെടുകയോ, കാറിനുള്ളിൽ കവർച്ചാ ശ്രമമുണ്ടാകുകയോ മറ്റെന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടാകുകയോ ചെയ്താൽ ആപ്പിലെ എമർജൻസി ബട്ടൺ അമർത്തണം. ഇത് ജിപിഎസിന്റെ സഹായത്തോടെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്കു നേരിട്ടു ബന്ധിപ്പിക്കുന്നതിനാൽ എമർജൻസി സാഹചര്യമുണ്ടോ എന്നു വീണ്ടും ചോദിക്കും. ഉണ്ടെന്ന് അമർത്തിയാൽ ഉടനെ 100 എന്ന നമ്പരിലേക്കാണു കോൾ പോകുന്നത്.

പൊലീസ് സ്റ്റേഷനിൽ കാർ നമ്പർ, ഡ്രൈവറുടെ പേര്, ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനമാണ് ഇത്. കൂടാതെ ടാക്സി ബുക്ക് ചെയ്യാൻ വിളിക്കുന്ന ഉപയോക്താവിന്റെ കൃത്യമായ ഫോൺ നമ്പരും കമ്പനി ഡ്രൈവർമാർക്കു നൽകുന്നില്ല. ലൊക്കേഷനും വീട്ടിലെത്തുന്ന സമയവും സംബന്ധിച്ച റൈഡിന്റെ എല്ലാ വിവരങ്ങളും വീട്ടുകാരുടെയും മറ്റും നമ്പരിൽ കൂടി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഊബർ ഒരുക്കുന്നുണ്ട്.

യാത്രയ്ക്കു മുൻപ്

∙വാഹനത്തിന്റെ പേരും നമ്പർപ്ലേറ്റും ആപ്പിൽ നൽകിയിട്ടുണ്ട്. മാത്രമല്ല ഡ്രൈവറുടെ ഫോട്ടോയും ഇതിൽ കാണിച്ചിരിക്കും. നിങ്ങൾ ആവശ്യപ്പെട്ട ഡ്രൈവറും വാഹനവും തന്നെയാണു വന്നതെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാഹനത്തിൽ കയറുക. ഡ്രൈവർമാരോട് കൃത്യമായ ഇടവേളകളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കമ്പനി ആവശ്യപ്പെടാറുണ്ട്.  

∙ആപ്പിൽ കണ്ട ഡ്രൈവർ അല്ല വരുന്നതെങ്കിൽ, ബ്ലോക്ക് ചെയ്യാനുള്ള അവസരമുണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ റൈഡ് കാൻസൽ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കുന്നതല്ല

∙ഡ്രൈവറുടെ റേറ്റിങ് നോക്കി, തൃപ്തികരമെങ്കിൽ മാത്രം വാഹനത്തിനുള്ള അപേക്ഷ നൽകുക.

യാത്രയിൽ

∙യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ യാത്രാവിവരങ്ങൾ സുഹൃത്തുക്കളുമായോ, കുടുംബാംഗങ്ങളുമായോ പങ്കുവയ്ക്കുക. സഞ്ചരിക്കുന്ന വഴിയും എത്തിച്ചേരുന്ന സമയവും ഇവർക്കും കാണാനാകും.  

∙അടിയന്തര സാഹചര്യമുണ്ടെങ്കിൽ എമർജൻസി ബട്ടൺ അമർത്തുക. ഊബറിന്റെ റാപിഡ് റെസ്പോൺസ് ടീമിനും ഉടൻ എമർജൻസി മെസേജും ലൊക്കേഷനും കാർ ഡ്രൈവറുടെ വിവരങ്ങളും ലഭിക്കും. 

യാത്രയ്ക്കു ശേഷം

∙കൃത്യമായ ഫീഡ്ബാക്കോ റേറ്റിങ്ങോ നൽകാം.  

∙ഡ്രൈവർ തുറിച്ചു നോക്കുകയോ അനാവശ്യമായി സംസാരിക്കുകയോ ചെയ്താലും ഫീഡ്ബാക്കിൽ രേഖപ്പെടുത്താം.