Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ വർഷം 1,000 ‘കോഡിയാക്’ വിൽക്കാൻ സ്കോഡ

skoda-kodiaq

ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കോഡിയാക്കി’ലൂടെ വ്യാപക വിൽപ്പനയുള്ള വിഭാഗത്തിലേക്കു പ്രവേശിക്കാനാവുമെന്ന് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോയ്ക്കു പ്രതീക്ഷ. ആദ്യ വർഷം ‘കോഡിയാക്കി’ലൂടെ 1,000 യൂണിറ്റ് വിൽപ്പനയാണു സ്കോഡ ലക്ഷ്യമിടുന്നത്; 34,49,501 രൂപയാണു ‘കോഡിയാക്കി’ന്റെ ഷോറൂം വില.  നിലവിൽ പ്രീമിയം സെഡാൻ വിഭാഗത്തിൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ സ്കോഡ ഓട്ടോയ്ക്കു സാന്നിധ്യമുള്ളത്; ‘റാപിഡ്’, ‘സുപർബ്’, ‘ഒക്ടേവിയ’ എന്നിവയാണു കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നത്.

ഇതിനു പിന്നാലെയാണു ടൊയോട്ടയുടെ ‘ഫോർച്യണർ’, ഫോഡ് ‘എൻഡേവർ’, ഇസൂസ ‘എം യു — എക്സ്’, ഫോക്സ്വാഗന്റെ തന്നെ ‘ടിഗ്വൻ’ തുടങ്ങിയവരോട് ഏറ്റുമുട്ടാൻ ‘കോഡിയാക്കി’നെ സ്കോഡ പടയ്ക്കിറക്കിയിരിക്കുന്നത്. കമ്പനിയുടെ വിപണന തന്ത്രങ്ങളിൽ ഇന്ത്യയ്ക്കു സുപ്രധാന പങ്കുണ്ടെന്നായിരുന്നു ‘കോഡിയാക്’ അവതരണ ചടങ്ങിൽ സ്കോഡ ഓട്ടോ ബോർഡ് അംഗവും ഫിനാൻസ് മേധാവിയുമായ ക്ലോസ് ഡീറ്റർ ഷുർമാൻ അഭിപ്രായപ്പെട്ടത്. 2025ൽ ആഗോളതലത്തിൽ കൈവരിക്കാൻ ലക്ഷ്യമിടുന്ന വിൽപ്പന വളർച്ചയിൽ ഇന്ത്യയ്ക്കു നിർണായക പങ്കുണ്ട്. ഇതിന്റെ ഭാഗമായാണു വിൽപ്പനസാധ്യതയേറിയ എസ് യു വി വിപണിയിലേക്ക് സ്കോഡ ഓട്ടോ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. സ്കോഡയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങൾ സമ്മാനിക്കാൻ ‘കോഡിയാക്കി’നു കഴിയുമെന്നാണു ഷുർമാന്റെ പ്രതീക്ഷ. 

വിദേശ നിർമിത കിറ്റുകൾ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ശാലയിൽ സംയോജിപ്പിച്ചാണു സ്കോഡ ‘കോഡിയാക്’ വിൽപ്പനയ്ക്കെത്തിക്കുന്നത്. രണ്ടു ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന എസ് യു വിയുടെ അടിസ്ഥാന വകഭേദത്തിൽ തന്നെ ഒൻപത് എയർബാഗുകൾ കമ്പനി ലഭ്യമാക്കുന്നുണ്ട്. നാലു വർഷ വാറന്റിയോടെയാണു ‘കോഡിയാക്കി’ന്റെ വരവ്. അരങ്ങേറ്റത്തിനു പിന്നാലെ ‘കോഡിയാക്കി’നുള്ള ബുക്കിങ്ങുകൾ സ്കോഡ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം ആദ്യത്തോടെ പുത്തൻ ‘കോഡിയാക്’ ഉടമകൾക്കു കൈമാറുമെന്നാണു സ്കോഡയുടെ വാഗ്ദാനം.