Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ‘എ ഫൈവ്’ ശ്രേണിയുമായി ഔഡി ഇന്ത്യ

Audi A5 Audi A5

ഫോക്സ്‍‌വാഗൻ ഗ്രൂപ്പിൽ പെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ ‘എ ഫൈവ്’ ശ്രേണിയിൽ മൂന്നു പുതിയ മോഡലുകൾ പുറത്തിറക്കി. ‘എ ഫൈവ് സ്പോർട്ബാക്ക്’, ‘എ ഫൈവ് കബ്രിയോളെ’, ‘എസ് ഫൈവ് സ്പോർട്ബാക്ക്’ എന്നിവയ്ക്കു യഥാക്രമം 54.02 ലക്ഷം, 67.15 ലക്ഷം, 70.60 ലക്ഷം രൂപ വീതമാണു വില. ‘എ ഫൈവ് സ്പോർട്ബാക്ക്’, ‘എ ഫൈവ് കബ്രിയോളെ’ എന്നിവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതു മോഡലുകളാണ്; ‘എസ് ഫൈവ്’ ആവട്ടെ നിലവിലുള്ള മോഡലിന്റെ പരിഷ്കരിച്ച പതിപ്പുമാണ്.

സെഡാനായ ‘എ ഫോർ’ ആധാരമാക്കി സാക്ഷാത്കരിച്ച, സ്പോർട്ബാക്ക് റൂഫ് ഡിസൈനുള്ള സ്പോർട്ടി പതിപ്പാണ് ‘എ ഫൈവ്’. ‘എ ഫോറി’ലെ രണ്ടു ലീറ്റർ ഡീസൽ എൻജിനാണ് ‘എ എഫൈവി’നും കരുത്തേകുന്നത്; പരമാവധി 188 പി എസ് കരുത്തും 400 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനാണു കാറിന്. 

എൻജിൻ സാധ്യതയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും ‘എ ഫൈവ്’ സെഡാനും കബ്രിയോളെയുമായി വ്യത്യാസമില്ല. അതേസമയം രണ്ടു ഡോർ, ഓപ്പൺ ടോപ് കൺവെർട്ട്ബ്ൾ രൂപകൽപ്പനയാണ് ‘എ ഫൈവ് കബ്രിയോളെ’യുടെ സവിശേഷത. 

‘ബി എം ഡബ്ല്യു 320 ഡി ജി ടി’പോലുള്ള മോഡലുകളോടാവും ഇന്ത്യയിലും ‘എ ഫൈവ് സ്പോർട്ബാക്കി’ന്റെ പോരാട്ടം. മെഴ്സീഡിസ് ബെൻസ് ‘സി ക്ലാസ് സി 300 കബ്രിയോളെ’യാവും ‘എ ഫൈവ് കബ്രിയോളെ’യുടെ പ്രധാന എതിരാളി.

കാഴ്ചയിൽ മറ്റ് ‘എ ഫൈവ്’ പതിപ്പുകളെപ്പോലെയെങ്കിലും സ്പോർട്ടി നിലവാരത്തിൽ ‘എസ് ഫൈവ് സ്പോർട്ബാക്ക്’ ബഹുദൂരം മുന്നിലാണ്. മൂന്നു ലീറ്റർ, വി സിക്സ് എൻജിൻ സഹിതവും കാർ വിൽപ്പനയ്ക്കുണ്ടാവും; 354 പി എസ് വരെ കരുത്തും 500 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ഏഴു സ്പീഡ് ഇരട്ട ക്ലച് ഗീയർബോക്സാണു ട്രാൻസ്മിഷൻ. കൂടാതെ ഔഡിയുടെ സവിശേഷ ആവിഷ്കാരമായ ക്വാട്രോ ഓൾവീൽ ഡ്രൈവും ഈ കാറിലുണ്ട്. മെഴ്സീഡിസ് ബെൻസിന്റെ ‘സി 43 എ എം ജി’യും വോൾവോ ‘എസ് 60 പോൾസ്റ്റാറു’മാണ് ഈ കാറിന്റെ എതിരാളികൾ.