ബൈക്ക് വിൽക്കാൻ സൗജന്യമായി പെട്രോളും ഹെൽമെറ്റുമൊക്കെ വാഗ്ദാനം ചെയ്യുന്നത് പതിവാണ്. എന്നാൽ ദീപാവലി പ്രമാണിച്ചു ബൈക്ക് വാങ്ങുന്നവർക്ക് സമ്മാനമായി ആടിനെ വാഗ്ദാനം ചെയ്താണു തമിഴ്നാട്ടിലെ ഹീറോ മോട്ടോ കോർപ് ഡീലർഷിപ് വ്യത്യസ്തത കാട്ടിയത്. പക്ഷേ ഈ പുതുമയോടുള്ള ഉപയോക്താക്കളുടെ പ്രതികരണം പ്രതീക്ഷകൾക്കപ്പുറമായതോടെ സമ്മാന പദ്ധതി തന്നെ പിൻവലിച്ച് തലയൂരേണ്ട ഗതികേടിലുമായി ശിവഗംഗയിലെ ഹീറോ ഡീലർഷിപ്പായ ഗായത്രി മോട്ടോഴ്സ്.
ദീപാവലി ആഘോഷം പ്രമാണിച്ചു പുതിയ ഇരുചക്ര വാഹനം എടുക്കുന്നവർക്കെല്ലാം ആശ്ചര്യമായി ‘ഇളവശം ഒരു ആട്’(സമ്മാനമായി ആട്) എന്നതായിരുന്നു ഡീലറുടെ ഓഫർ! ഈ 11 മുതൽ14 വരെയാണു ‘ഹീറോയ്ക്കൊപ്പം ആട്’ പദ്ധതി പ്രാബല്യത്തിലുണ്ടാവുകയെന്നും പ്രഖ്യാപിച്ചിരുന്നു.
പതിവുപോലെ ഉത്സവകാല കച്ചവടം കൊഴുപ്പിക്കാനാണ് പുതിയ സമ്മാനപദ്ധതി പ്രഖ്യാപിച്ചതെന്ന് ഗായത്രി മോട്ടോഴ്സ് അധികൃതർ വിശദീകരിക്കുന്നു. പക്ഷേ ആടിനെ കിട്ടുമെന്നറിഞ്ഞു പുതിയ ബൈക്ക് വാങ്ങാനെത്തിയവരുടെ എണ്ണം കടയുടമയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു; ആദ്യ മണിക്കൂറുകളിൽ തന്നെ നൂറിലേറെ ആളുകളാണ് ആടിനെയും ഒപ്പം പുതിയ ബൈക്കും സ്വന്തമാക്കാൻ എത്തിയത്. ഇതോടെ സമ്മാനമായി ആട് വിതരണം ചെയ്യുന്നതു തുടരുക എളുപ്പമാവില്ലെന്നു തിരിച്ചറിഞ്ഞാണു ഗായത്രി മോട്ടോഴ്സ് പദ്ധതി തന്നെ പിൻവലിച്ചത്. പകരം പുത്തൻ സമ്മാനപദ്ധതി അവതരിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് ‘ആട് ഓഫർ’ പിൻവലിച്ചിരിക്കുന്നത്.
ശിവഗംഗയിലെ മറ്റു വാഹന വ്യാപാരികൾ പുതിയ ബൈക്കിനൊപ്പം സോഫ സെറ്റും മറ്റും സൗജന്യമായി നൽകുന്നതിനിടയിലായിരുന്നു ഹീറോ ബൈക്കിനൊപ്പമുള്ള ആട് പദ്ധതിയുടെ വരവ്. 3,000 രൂപയോളം വിലമതിക്കുന്ന ആടിനെ സമ്മാനമായി നൽകാനായിരുന്നു നീക്കം. പക്ഷേ ഗായത്രി മോട്ടോഴ്സിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു മണിക്കൂറുകൾക്കകം നൂറുകണക്കിനു ബുക്കിങ്ങുകൾ ഒഴുകിയെത്തി. ഇതോടെ വിപണിയുടെ ആവശ്യത്തിനൊത്ത് ബൈക്കുകളോ ആടുകളോ ലഭ്യമാക്കാൻ കഴിയില്ലെന്നു ഡീലർ തിരിച്ചറിയുകയും പദ്ധതി പിൻവലിക്കുകയുമായിരുന്നു.