Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കെ യു വി 100’ വൈദ്യുത വകഭേദം അടുത്ത വർഷം

kuv-100-4

ബാറ്ററിയിൽ ഓടുന്ന ‘കെ യു വി 100’ അടുത്ത വർഷമെത്തുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ  മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലെ മൂന്നാമത്തെ മോഡലാവും ഹാച്ച്ബാക്കായ ‘കെ യു വി 100’; നിലവിൽ ‘ഇ ടു ഒ പ്ലസും’ ‘ഇ വെരിറ്റൊ’യുമാണു മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലുള്ളത്. കമ്പനിയുടെ മോഡൽ ശ്രേണിയിലെ ക്രോസോവർ എസ് യു വികൾക്കെല്ലാം വൈദ്യുത വകഭേദങ്ങൾ അവതരിപ്പിക്കാനാണു ശ്രമമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഒരു വർഷത്തിനകം വൈദ്യുത ‘കെ യു വി 100’ പുറത്തിറക്കുക.

രാജ്യത്തു വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങളെയും ഗോയങ്ക സ്വാഗതം ചെയ്തു. 10,000 വൈദ്യുത കാർ വാങ്ങാൻ എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ടെൻഡർ ആത്മവിശ്വാസം പകരുന്ന നടപടിയാണെന്നും ഗോയങ്ക അഭിപ്രായപ്പെട്ടു. ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുക്കപ്പെട്ട ഇ ഇ എസ് എൽ ടെൻഡറിൽ 40% വൈദ്യുത കാറുകൾ ലഭ്യമാക്കാൻ മഹീന്ദ്രയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ടാറ്റ മോട്ടോഴ്സ് 250 വൈദ്യുത കാറുകളും മഹീന്ദ്ര 150 കാറുകളുമാണു ലഭ്യമാക്കുക.

രാജ്യത്തെ കാർ വ്യവസായ മേഖലയിൽ വൈദ്യുതീകരണത്തിനുള്ള നടപടികൾ പ്രകടമാണെന്നും ഗോയങ്ക വിലയിരുത്തി. 2030 ആകുമ്പോഴേക്ക് വൈദ്യുത കാറുകളുടെ പ്രചാരം 20 ശതമാനമാവുമോ 100 ശതമാനമാവുമോ എന്നതൊന്നും ഇപ്പോൾ പ്രവചിക്കാനാവില്ല. ഭാവി എന്തായാലും 2030നു മുമ്പു തന്നെ രാജ്യത്തു വൈദ്യുത വാഹന ശ്രേണി ലഭ്യമാക്കാനാണു മഹീന്ദ്രയുടെ നീക്കം. ഇതിന്റെ ഭാഗമായാണു ക്രോസോവറുകൾക്കടക്കം വൈദ്യുത പവർട്രെയ്ൻ ലഭ്യമാക്കാൻ കമ്പനി ഒരുങ്ങുന്നതെന്നും ഗോയങ്ക വിശദീകരിച്ചു. 

ഹാച്ച്ബാക്കായ ‘കെ യു വി 100 എൻ എക്സ് ടി’ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു; ‘കെ യു വി 100’ നിരത്തിലെത്തി 21 മാസത്തിനകമാണ് ഈ പരിഷ്കരിച്ച പതിപ്പിന്റെ വരവ്. പെട്രോൾ എൻജിനുള്ള ‘കെ യു വി 100 എൻ എക്സ് ടി’ക്ക് 4.39 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള വകഭേദത്തിന് 5.39 ലക്ഷം രൂപയുമാണു വില. ആദ്യ മൂന്നു മാസം പ്രാബല്യത്തിലുള്ള ഈ പ്രാരംഭകാല വില പിന്നീട് ഉയരുമെന്നാണു മഹീന്ദ്ര നൽകുന്ന സൂചന. കൂടാതെ എട്ടു മാസത്തിനകം ‘കെ യു വി 100’ ഓട്ടമാറ്റിക് വകഭേദവും വിൽപ്പനയ്ക്കെത്തിക്കാനാണു മഹീന്ദ്രയുടെ നീക്കം.