Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ വർക്ക്ഷോപ് വ്യാപിപ്പിക്കാൻ റെനോ

ftk-kwid-pod

വിദൂര മേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യ മൊബൈൽ വർക്ക്ഷോപ് സൗകര്യം ഏർപ്പെടുത്തുന്നു. അടുത്ത വർഷത്തോടെ രാജ്യത്തെ 76 കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി. വർഷാവസാനത്തോടെ രാജ്യത്ത് 320 ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമാക്കാനാണു കമ്പനിയുടെ ശ്രമമെന്ന് റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. അടുത്ത മാർച്ചോടെ 78 മൊബൈൽ വർക്ഷോപ്പുകളും പ്രവർത്തനക്ഷമമാവും. നിലവിൽ 46 കേന്ദ്രങ്ങളിലാണു മൊബൈൽ വർക്ക്ഷോപ്  സേവനം ലഭ്യമാവുന്നത്. ഉപയോക്താക്കൾ ദീർഘദൂരം യാത്ര ചെയ്യുന്നതിനു പകരം വിൽപ്പനാന്തര സേവനം അവരുടെ വീട്ടുപടിക്കൽ എത്തിക്കാനാണു റെനോ ശ്രമിക്കുന്നത്.

ഉദാഹരണത്തിന് ചെന്നൈ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ ജീവിക്കുന്നവർക്ക് ആൻഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവുന്ന ‘മൈ റെനോ ആപ്’ ഡൗൺലോഡ് ചെയ്ത് വാഹനം സർവീസ് ചെയ്യാനുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാം. ബുക്കിങ് അടിസ്ഥാനമാക്കി എൻജിനീയർമാർ സ്ഥലത്തെത്തി വാഹനം സർവീസ് ചെയ്തു നൽകുമെന്നാണു റെനോയുടെ വാഗ്ദാനം. ഇക്കൊല്ലവും റെനോ ഇന്ത്യയുടെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിടുമെന്നും സാഹ്നി വ്യക്തമാക്കി. കഴിഞ്ഞവർഷവും കമ്പനിയുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റിനു മുകളിലായിരുന്നു.

പുതിയ പ്രീമിയം എസ് യു വിയായ ‘കാപ്റ്റർ’ മാസാവസാനത്തോടെയോ നവംബർ ആദ്യമോ വാണിജ്യാടിസ്ഥാനത്തിൽ വിപണനം ആരംഭിക്കുമെന്നും സാഹ്നി അറിയിച്ചു. വിപണിയുടെ ആവശ്യത്തിനൊത്ത് ഉൽപ്പാദനം പുനഃക്രമീകരിക്കാവുന്ന തരത്തിലാണു റെനോ ശാലയുടെ ഘടനയെന്നും അദ്ദേഹം വിശദീകരിച്ചു. പങ്കാളിയായ നിസ്സാനുമായി സഹകരിച്ച് ചെന്നൈയ്ക്കടുത്ത ഒരഗടത്ത് സ്ഥാപിച്ച നിർമാണശാലയുടെ വാർഷിക ശേഷി 4.80 ലക്ഷം യൂണിറ്റാണ്.  ജനപ്രിയ ഹാച്ച്ബാക്കായ ‘ക്വിഡി’നു പുറമെ എസ് യു വിയായ ‘ഡസ്റ്റർ’, വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’ തുടങ്ങിയവയാണു നിലവിൽ റെനോ ഇന്ത്യ വിൽപ്പനയ്ക്കെത്തിക്കുന്നത്.