Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ കാർ വിൽപ്പന കൂട്ടാൻ ഫോക്സ്‌വാഗൻ

volkswagen

ചെലവു കുറയ്ക്കൽ നടപടികളുടെ ഭാഗമായി യൂറോപ്പിലെ വിപണന  ശൃംഖല ചുരുക്കാൻ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഒരുങ്ങുന്നു. കാർ വാങ്ങാനെത്തുന്നവരുടെ അഭിരുചികളിൽ വന്ന മാറ്റത്തിനൊത്ത് ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കാനാണു ഫോക്സ്‌വാഗന്റെ നീക്കം.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടി ‘പുകമറ വിവാദ’ത്തിൽ കുടങ്ങിയതിനെ തുടർന്നു നേരിട്ട കനത്ത പിഴശിക്ഷ ഫോക്സ്‌വാഗനു കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പോരെങ്കിൽ വൈദ്യുത വാഹനങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി വൻതോതിലുള്ള നിക്ഷേപവും കമ്പനി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണു യൂറോപ്പിൽ ഗ്രൂപ്പിന്റെ 12 ബ്രാൻഡുകളുടെയും പ്രവർത്തന ചെലവ് കുറയ്ക്കാൻ ഫോക്സ്‌വാഗൻ നിർബന്ധിതരായിരിക്കുന്നത്.

യൂറോപ്പിലെ വിപണന ശൃംഖലയിലുള്ള മൂവായിരത്തോളം ഡീലർമാരുടെ ലാഭക്ഷമതയും കാര്യക്ഷമതയും ഉയർത്താനാണു ഫോക്സ്‌വാഗൻ പദ്ധതി തയാറാക്കിയിരിക്കുന്നത്; ഇരു വിഭാഗങ്ങളിലും 10% വർധനയാണു കമ്പനി ലക്ഷ്യമിടുന്നത്. വിതരണക്കാരുടെ ലാഭം ഒരു ശതമാനത്തിൽ നിന്ന് രണ്ടായി ഉയർത്തണമെന്നും ഫോക്സ്വാഗൻ ആഗ്രഹിക്കുന്നു.

ആഗോള വിപണികളിൽ പ്രവർത്തനം ഏകീകരിക്കാനുള്ള നടപടികളാണു വർഷങ്ങളായി കമ്പനി സ്വീകരിച്ചു വരുന്നതെന്നു ഫോക്സ്‌വാഗൻ ബ്രാൻഡ് വിൽപ്പന വിഭാഗം മേധാവി ജ്യുർഗൻ സ്റ്റാക്ക്മാൻ അഭിപ്രായപ്പെട്ടു. ജർമനിയിലും അടുത്ത ഒന്നോ രണ്ടോ വർഷത്തിനകം ഇതിനുള്ള നടപടി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം പുതിയ നടപടികളിലൂടെ ചെലവിൽ കൈവരിക്കാൻ ശ്രമിക്കുന്ന കുറവിനെപ്പറ്റി അദ്ദേഹം സൂചനയൊന്നും നൽകിയില്ല. ഫോക്സ്‌വാഗന്റെ ഭാവി വിൽപ്പന മോഡലിന്റെ ഭാഗമായി എത്ര ഡീലർഷിപ്പുകളാവും പൂട്ടുകയെന്നും സ്റ്റാക്ക്മാൻ വ്യക്തമാക്കിയില്ല. ഫോക്സ്‌വാഗൻ പോലെ വ്യാപക വിൽപ്പനയുള്ള ബ്രാൻഡുകൾക്ക് ഇപ്പോൾ തന്നെ ഗ്രൂപ് ഓൺലൈൻ സംവിധാനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. എതിരാളികളെക്കുറിച്ച് ആഴത്തിലുള്ള താരതമ്യമമടക്കമുള്ള സൗകര്യങ്ങൾ ഫോക്സ്‌വാഗഗൻ സൈറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴാവട്ടെ ഡീലർമാരുമായി  സഹകരിച്ച് പുതിയ ഓൺലൈൻ പോർട്ടലുകളും ഫോക്സ്‌വാഗൻ വികസിപ്പിക്കുന്നുണ്ടെന്ന് സ്റ്റാക്ക്മാൻ അറിയിച്ചു.