Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകടനം മോശം; 400 പേരെ ടെസ്‌ല പുറത്താക്കി

tesla-logo

വിവിധ വിഭാഗങ്ങളിലായി 400 ജീവക്കാരെ യു എസിലെ ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല ഇൻകോർപറേറ്റഡ് പുറത്താക്കി. അസോസിയറ്റ്സ്, ടീം ലീഡർ, സൂപ്പർവൈസർ വിഭാഗങ്ങളിലുള്ളവരെ കലിഫോണിയ ആസ്ഥാനമായ ടെസ്‌ല പുറത്താക്കിയെന്നാണു സൂചന. കമ്പനിയുടെ വാർഷിക വിലയിരുത്തലിനെ തുടർന്നാണു ജീവനക്കാരെ ഒഴിവാക്കിയതെന്നാണു ടെസ്‌ലയുടെ വിശദീകരണം. എന്നാൽ ഈ നടപടിയുടെ ഫലമായി എത്ര ജീവനക്കാർക്കു ജോലി നഷ്ടമായെന്നു കമ്പനി വ്യക്തമാക്കിയില്ല. 

അസോസിയേറ്റ്, ടീം ലീഡർ, സൂപ്പർവൈസർ വിഭാഗങ്ങളിലുള്ളവരെയാണു പുറത്താക്കിയതെന്നു ടെസ്‌ല അസംബ്ലി ലൈനിലെ മുൻജീവനക്കാരനാണു വെളിപ്പെടുത്തിയത്. അതിനു മുകളിലുള്ളവർക്കു തൊഴിൽ നഷ്ടമായിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. പ്രകടനം വിലയിരുത്തിയാണു ജീവനക്കാരെ പുറത്താക്കിയതെന്നാണു ടെസ്‌ല അവകാശപ്പെടുന്നത്. എന്നാൽ പ്രതികൂല പരാമർശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്ത തന്നെ പിരിച്ചുവിട്ടെന്നാണ് വിവരം പുറത്തുപറഞ്ഞ ജീവനക്കാരന്റെ പ്രതികരണം.

ഉൽപ്പാദനത്തിലെ പ്രതിബന്ധങ്ങൾ വ്യാപക വിൽപ്പന ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘മോഡൽ ത്രീ’ നിർമാണത്തെ ബാധിച്ചിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ടെസ്‌ല വ്യക്തമാക്കിയിരുന്നു. വിപണിയുടെ ആവശ്യത്തിനൊത്ത് ‘മോഡൽ ത്രീ’ നിർമിക്കാനാവുന്നില്ലെന്നും ‘ഉൽപ്പാദന നരകം’ നേരിടുകയാണെന്നുമായിരുന്നു ടെസ്‌ലയുടെ വിശദീകരണം. സെപ്റ്റംബർ 30ന് അവസാനിച്ച ത്രൈമാസത്തിൽ 260 ‘മോഡൽ ത്രീ’ മാത്രമാണു ടെസ്ല നിർമിച്ചത്; കാർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു കൈമാറിയതാവട്ടെ 220 എണ്ണവും. ‘മോഡൽ എസി’ന്റെ പകുതി മാത്രം വിലയുള്ള ‘മോഡൽ ത്രീ’ ഉൽപ്പാദനത്തിനു ജൂലൈയിലാണു ടെസ്ല തുടക്കമിട്ടത്; 35,000 ഡോളർ(ഏകദേശം 22.64 ലക്ഷം രൂപ)യാണു ‘മോഡൽ ത്രീ’ക്കു വില.