Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്...

Ambulance Representative Image

അത്യാസന്നനിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുന്ന ആംബുലന്‍സിന്റെ വഴിതടഞ്ഞു വാഹനമോടിക്കുന്ന വിഡിയോ വൈറലായത് അടുത്തിടെയാണ്. ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ  ഒരു നവജാത ശിശുവുമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽനിന്നു കളമശേരിയിലുള്ള എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലൻസിനെ കാർ ഡ്രൈവർ കടത്തിവിട്ടിരുന്നില്ല. സാധാരണ 15 മിനിറ്റിനുള്ളിൽ കളമശേരിയിൽ എത്താറുള്ള ആംബുലൻസ് ഇതുകാരണം 35 മിനിറ്റു കൊണ്ടാണ് എത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലൻസ് ഡ്രൈവർ പി.കെ. മധു താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ടത്. ആംബുലൻസിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതേ തുടർന്നാണ് കെഎൽ 17 എൽ 202 എന്ന ഫോഡ് ഇക്കോസ്പോർട് വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവറിനുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. 

ആംബുലൻസിനു വഴിമാറിക്കൊടുക്കണം

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കാം. 

നേരത്തെ ഡൽഹി സർക്കാർ നഗരപാതകളില്‍ ആംബുലന്‍സിന് വഴിമാറി കൊടുത്തില്ലെങ്കില്‍ 2000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചിരുന്നു.ആംബുലന്‍സ്, ഫയര്‍ എൻജിന്‍, പോലീസ് വാഹനം എന്നിവയ്ക്കു റോഡുകളില്‍ മുന്‍ഗണനയുണ്ടെങ്കിലും ട്രാഫിക് ബ്ലോക്ക് മൂലം പലപ്പോഴും ഇവയ്ക്ക് കടന്നുപോകാന്‍ വഴി ലഭിക്കാറില്ല. വഴി മാറിത്തരാത്ത വാഹനത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ തീയ്യതി, സമയം, എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അതടക്കം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും. കാര്യങ്ങള്‍ പരിശോധിച്ച് നിയമലംഘകര്‍ക്ക് പൊലീസ് നോട്ടീസയയ്ക്കും. 

ആംബുലന്‍സ് അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ വഴിമാറി നല്‍കണമെന്നുണ്ടെങ്കിലും പലരും ഈ നിയമം അനുസരിക്കാറില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്രയും പെട്ടന്ന് ആശുപത്രിയിയില്‍ എത്തിക്കുന്നതിന് തടസമുണ്ടാകുന്നതായും ഇങ്ങനെ പല രോഗികളും ബ്ലോക്കിൽ പെട്ട് വഴിമധ്യേ മരിക്കുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അവര്‍ പറയുന്നു. കൂടാതെ ആംബുലൻസിന്റെ പുറകേ അതിവേഗത്തിൽ വരുന്നവരും കുറവല്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

അതേ സമയം അത്യാസന്നനിലയിലായ നവജാത ശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവത്തില്‍ വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് വാഹന ഉടമ. ആബുലന്‍സിനു പൈലറ്റ് പോയതാണെന്നാണു കാർ ഡ്രൈവർ ആലുവ ഡിവൈഎസ്പി ഓഫിസിനു സമീപം പൈനാടത്തു വീട്ടിൽ നിർമൽ ജോസ് പൊലീസിനു മൊഴി നല്‍കിയത്. മറ്റു വാഹനങ്ങള്‍ ആംബുലൻസിനു മുന്നിൽ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാൾ മൊഴി നൽകി. സംഭവത്തിൽ നിർമലിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.