Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ: ‘പോൾസ്റ്റാർ വണ്ണു’മായി വോൾവോ

The Polestar 1 The Polestar 1

സ്വീഡിഷ് നിർമാതാക്കളായ വോൾവോ കാഴ്സും ചൈനീസ് മാതൃസ്ഥാപനമായ ഗീലിയും ചേർന്നു ‘പോൾസ്റ്റാർ’ ശ്രേണിയിൽ പ്രകടനക്ഷമതയേറിയ ആദ്യ വൈദ്യുത കാർ പുറത്തിറക്കി. ഷാങ്ഹായിൽ നടന്ന ചടങ്ങിലാണു വോൾവോ നാലു സീറ്റുള്ള, സങ്കര ഇന്ധന കൂപ്പെയായ ‘പോൾസ്റ്റാർ വൺ’ അനാവരണം ചെയ്തത്. പ്രകനടക്ഷമതയേറിയ കാറുകളുമായി ടെസ്ല ഇൻകോർപറേറ്റഡിനെയും മെഴ്സീഡിസ് എ എം ജിയെയും നേരിടാൻ ലക്ഷ്യമിടുന്ന പോൾസ്റ്റാറിന് 500 കോടി യുവാൻ(ഏകദേശം 4,914 കോടി രൂപ) ആണു വോൾവോയും ഗീലിയും ചേർന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്.

വരുംവർഷങ്ങൾക്കിടെ വൈദ്യുത, പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകളുടെ വിഹിതം കുത്തനെ ഉയർത്താനാണു ചൈന ലക്ഷ്യമിടുന്നത്. 2025 ആകുമ്പോഴേക്ക് മൊത്തം കാർ വിൽപ്പനയുടെ 20 ശതമാനമെങ്കിലും ഇത്തരം കാറുകളാവണമെന്നാണു സർക്കാരിന്റെ ലക്ഷ്യം. ഇതോടെ ചൈനയിലെ വൈദ്യുത വാഹന ഉൽപ്പാദനരംഗത്ത് കനത്ത നിക്ഷേപമാണ് ആഭ്യന്തര, വിദേശ കാർ നിർമാതാക്കൾ നടത്താൻ തയാറെടുക്കുന്നത്. ‘പോൾസ്റ്റാർ വണ്ണി’ന്റെ വില 1.30 ലക്ഷം മുതൽ 1.50 ലക്ഷം യൂറോ(ഏകദേശം 99.53 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ) വരെയാവുമെന്നാണു പ്രതീക്ഷ. 2019 മധ്യത്തോടെ പശ്ചിമ ചൈനയിലെ ചെങ്ഡുവിലുള്ള ശാലയിൽ നിന്നാവും കാർ പുറത്തെത്തുക.

ഇതിനു പുറമെ ടെസ്ലയുടെ ‘മോഡൽ ത്രീ’യുമായി നേർക്കുനേർ പോരാടാനുള്ള പൂർണ വൈദ്യുത കാറായ ‘പോൾസ്റ്റാർ ടു’വിനെയും കമ്പനി അണിയിച്ചൊരുക്കുന്നുണ്ട്. പിന്നാലെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘പോൾസ്റ്റാർ ത്രീ’യും പ്രതീക്ഷിക്കാം.ചുരുങ്ങിയ വിൽപ്പന മാത്രമാണു ‘പോൾസ്റ്റാർ വണ്ണി’നു നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്; എന്നാൽ തുടർന്നുള്ള മോഡലുകൾ വ്യാപക വിൽപ്പന ലക്ഷ്യമിട്ടുള്ളവയാണ്. ഓൺലൈൻ വ്യവസ്ഥയിൽ കാർ വിൽക്കാനും തവണ വ്യവസ്ഥകളായി വില ഈടാക്കാനുമൊക്കെ പോൾസ്റ്റാർ ആലോചിക്കുന്നുണ്ട്.

സെജിയാങ് ഗീലി ഹോൾഡിങ്ങിന്റെ ഉടമസ്ഥതയിലുള്ള വോൾവോ കാഴ്സ് 2015ലാണു പോൾസ്റ്റാറിനെ ഏറ്റെടുത്തത്. തുടർന്നു കഴിഞ്ഞ ജൂണോടെ പ്രകടനക്ഷമതയോറിയ വൈദ്യുത കാർ നിർമാണത്തിനുള്ള പ്രത്യേക വിഭാഗമായി പോൾസ്റ്റാറിനെ പ്രഖ്യാപിക്കുകയായിരുന്നു.പ്രീമിയം വൈദ്യുത കാറുകൾക്ക് ചൈനയിൽ വൻസാധ്യതയുണ്ടെന്ന് വോൾവോ ചീഫ് എക്സിക്യൂട്ടീവ് ഹാകൻ സാമുവൽസൺ അഭിപ്രായപ്പെട്ടു. എന്നാൽ ഈ മേഖലയിലേക്കു കൂടുതൽ നിർമാതാക്കൾ എത്തുന്നതോടെ മത്സരം മുറുകുമെന്നും അദ്ദേഹം കരുതുന്നു.  പ്രകടനക്ഷമതയേറിയ വൈദ്യുത കാർ നിർമാണത്തിനൊരുങ്ങി ധാരാളം സ്റ്റാർട് അപ്പുകൾ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണു പോൾസ്റ്റാർ പോലെ പൂർണതോതിലുള്ള കമ്പനിയുടെ പ്രസക്തിയെന്നും അദ്ദേഹം വിലയിരുത്തുന്നു.