Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ചരിക്കുന്ന വിൽപ്പനശാലയുമായി ട്രയംഫ്

Triumph Triumph

രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ പ്രീമിയം മോട്ടോർ സൈക്കിളുകളുടെ വിപണന സാധ്യത മുലെടുക്കാൻ ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫ് സഞ്ചരിക്കുന്ന വിൽപ്പനശാലകൾ രംഗത്തിറക്കുന്നു. പുത്തൻ മോഡലായ ‘സ്ട്രീറ്റ് ട്രിപ്ൾ ആർ എസി’ന്റെ ഇന്ത്യയിലെ അവതരണത്തോടൊപ്പമാണ് ട്രയംഫ് മൊബൈൽ ഡീലർഷിപ് എന്ന ആശയവും യാഥാർഥ്യമാക്കിയത്. ഉത്സവകാലത്തെ അനുകൂല സാഹചര്യം മുതലെടുക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘സ്ട്രീറ്റ് ട്രിപ്ൾ ആർ എസി’ന് 10.55 ലക്ഷം രൂപയാണു ഷോറൂം വില.

തുടക്കത്തിൽ ഉത്തരേന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലാണു ട്രയംഫിന്റെ മൊബൈൽ ഷോറൂം സാന്നിധ്യമറിയിക്കുക. കമ്പനിയുടെ ഇന്ത്യൻ ശ്രേണി പൂർണമായി തന്നെ സഞ്ചരിക്കുന്ന ഷോറൂമിൽ ലഭ്യമാവുമെന്നാണു ട്രയംഫിന്റെ വാഗ്ദാനം. നിലവിൽ ട്രയംഫ് ഷോറൂമുകളില്ലാത്ത ഇടത്തരം, ചെറുകിട പട്ടണങ്ങളാണു സഞ്ചരിക്കുന്ന ഷോറൂം സന്ദർശിക്കുക. നിലവിൽ 14 ഡീലർഷിപ്പുകളാണു ട്രയംഫിന് ഇന്ത്യയിലുള്ളത്; വർഷാവസാനത്തോടെ ഷോറൂമുകളുടെ എണ്ണം 17ലെത്തിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

ഇരുചക്രവാഹന വിൽപ്പനയ്ക്കു നോട്ട് അസാധുവാക്കൽ പ്രഖ്യാപനം സൃഷ്ടിച്ച പ്രത്യാഘാതം അവസാനിച്ചെന്നാണ് ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലിയുടെ വിലയിരുത്തൽ. കേന്ദ്ര ജീവനക്കാർക്ക് ഏഴാം ശമ്പള പരിഷ്കരണപ്രകാരമുള്ള ആനുകൂല്യം ലഭിച്ചതും മികച്ച മഴ ലഭിച്ചതുമൊക്കെ വാഹന നിർമാതാക്കൾക്ക് അനുകൂല ഘടകമായി അദ്ദേഹം കരുതുന്നു. ഈ പശ്ചാത്തലത്തിലാണു ചെറുകിട, ഇടത്തരം നഗരങ്ങളിലെ വാഹന പ്രേമികളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സഞ്ചരിക്കുന്ന വിൽപ്പനശാല പുറത്തിറക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ചി 27% വിൽപ്പന വളർച്ച നേടിയെന്നാണു ട്രയംഫിന്റെ അവകാശവാദം. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ അർധവർഷത്തിൽ 632 യൂണിറ്റ് വിൽപ്പനയാണു ട്രയംഫ് കൈവരിച്ചത്.  2013ൽ ഇന്ത്യയിലെത്തിയതു മുതൽ ഇതുവരെയുള്ള മൊത്തം വിൽപ്പനയാവട്ടെ 4,500 യൂണിറ്റ് പിന്നിടുകയും ചെയ്തു.