Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാദേശിക അസംബ്ലിങ് വർധിപ്പിക്കാൻ ട്രയംഫ്

triumph-bonneville Triumph Bonneville

ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളിൽ 90 ശതമാനവും പ്രാദേശികമായി നിർമിക്കാൻ ബ്രിട്ടീഷ് പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിനു പദ്ധതി. അടുത്ത ജൂലൈയോടെ ഈ ലക്ഷ്യം കൈവരിക്കാനാണു ഹരിയാനയിലെ മനേസാറിൽ സ്വന്തം നിർമാണശാലയുള്ള ട്രയംഫ് തയാറെടുക്കുന്നത്. അവശേഷിക്കുന്ന മോഡലുകൾ തായ്ലൻഡിൽ നിന്നുള്ള ഇറക്കുമതി വഴിയാവും ട്രയംഫ് ഇന്ത്യൻ വിപണിയിലെത്തിക്കുക.

ഇന്ത്യയിൽ ബൈക്കുകൾ അസംബ്ൾ ചെയ്യാനാണു കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ് മാനേജിങ് ഡയറക്ടർ വിനോദ് സുംബ്ലി അറിയിച്ചു. പൂർമായും വിദേശത്തു നിർമിച്ച മോഡൽ ഇറക്കുമതിക്ക് ആറു മാസമെടുക്കും; എന്നാൽ കിറ്റ് ഇന്ത്യയിലെത്തിച്ചു സംയോജിപ്പിക്കാൻ മൂന്നു മാസം മതിയെന്നതാണു വ്യത്യാസം. വിൽപ്പന ഗണ്യമായി ഉയരുന്ന കാലത്ത് പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിക്കുന്നതും പരിഗണിക്കുമെന്നു സുംബ്ലി  വ്യക്തമാക്കി.

അഡ്വഞ്ചർ ആൻഡ് ടൂറിങ്, ക്രൂസർ, മോഡേൺ ക്ലാസിക് ആൻഡ് റോഡ്സ്റ്റർ, സൂപ്പർ സ്പോർട്സ് വിഭാഗങ്ങളിലായി 17 മോഡലുകളാണു നിലവിൽ ട്രയംഫിന്റെ ഇന്ത്യൻ ശ്രേണിയിലുള്ളത്. ഇതിൽ പകുതിയോളം മോഡലുകളാണു കമ്പനി ഇപ്പോൾ പ്രാദേശികമായി അസംബ്ൾ ചെയ്യുന്നത്.  നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ വിപണിയിൽ 28% വിഹിതമാണു ട്രയംഫ് അവകാശപ്പെടുന്നത്. പുതിയ മോഡലുകൾ അവതരിപ്പിച്ചും വിപണന ശൃംഖല വിപുലീകരിച്ചും വിഹിതം ഉയർത്താനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. രാജ്യത്ത് ഇപ്പോൾ 14 ഡീലർഷിപ്പുകളാണു ട്രയംഫിനുള്ളത്; ഡിസംബറിനകം മൂന്നെണ്ണം കൂടി പ്രവർത്തനക്ഷമമാവും.

രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡുകളിൽ ഒന്നാം സ്ഥാനമാണു ട്രയംഫ് ലക്ഷ്യമിടുന്നതെന്നു സുംബ്ലി വ്യക്തമാക്കുന്നു. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ട്രയംഫിനു തിടുക്കമില്ല. ഭാവി മോഡലുകൾക്കായി മികച്ച അടിത്തറയൊരുക്കാനുള്ള ശ്രമങ്ങളാണു ട്രയംഫ് ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണു വിപണന ശൃംഖല വിപുലീകരിക്കാൻ കമ്പനി നടപടിയെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ വിപണി വിഹിതം ഉയർത്താനും ക്രമേണ നേതൃസ്ഥാനം സ്വന്തമാക്കാനുമുള്ള നടപടിയുണ്ടാവുമെന്നും സുംബ്ലി വിശദീകരിച്ചു. ആഗോളതലത്തിൽ ട്രയംഫിന്റെ ഉപസ്ഥാപനങ്ങളിൽ 15—ാം സ്ഥാനത്താണു നിലവിൽ ഇന്ത്യൻ കമ്പനി. കഴിഞ്ഞ വർഷം മൊത്തം 65,000 ബൈക്കാണു ട്രയംഫ് വിറ്റത്. ഇന്ത്യയിലെ ഇതുവരെയുള്ള വിൽപ്പനയാവട്ടെ 4,500 യൂണിറ്റാണ്.