Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ കയറ്റുമതിയിലും മാരുതി ഒന്നാമൻ

Baleno Baleno

ഇന്ത്യയിൽ നിന്നുള്ള യാത്രാവാഹന കയറ്റുമതിയിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)ന് ഒന്നാം സ്ഥാനം. ദക്ഷിണ കൊറിയൻ നിർമാതാക്കളായഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)നെ പിന്തള്ളിയാണ് മാരുതി സുസുക്കി ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ ആഭ്യന്തര വാഹന വിൽപ്പനയിൽ കാലങ്ങളായി മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനത്താണ്; ഹ്യുണ്ടേയ് രണ്ടാമതും.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 57,300 കാറുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തത്. 2016 — 17ന്റെ ആദ്യ പകുതിയിൽ കയറ്റുമതി ചെയ്ത 54,008 യൂണിറ്റിനെ അപേക്ഷിച്ച് ആറു ശതമാനത്തോളം അധികമാണിതെന്നു രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ദീർഘകാലമായി ഒന്നാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോറിന്റെ ഏപ്രിൽ — സെപ്റ്റംബർ കാലത്തെ കയറ്റുമതിയാവട്ടെ 44,585 യൂണിറ്റിലൊതുങ്ങി. 2016 — 17ൽ 63,014 കാർ വിദേശത്തേക്ക് അയച്ച ഹ്യുണ്ടേയിക്ക് 29.25% ഇടിവു നേരിട്ടതോടെ കയറ്റുമതി കണക്കെടുപ്പിൽ ഫോക്സ്വാഗനും ജനറൽ മോട്ടോഴ്സിനു പിന്നിൽ നാലാം സ്ഥാനവുമായി. 

ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യ 50,410 യൂണിറ്റ് കയറ്റുമതി ചെയ്താണു മാരുതി സുസുക്കിക്കു പിന്നിൽ രണ്ടാമതെത്തിയത്. മുൻവർഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് കമ്പനിയുടെ കയറ്റുമതിയിൽ 16.92% വളർച്ചയുണ്ട്. 2016 — 17ന്റെ ആദ്യ പകുതിയിൽ 43,114 കാറുകളാണു കമ്പനി വിദേശത്തേക്ക് അയച്ചത്.

ഇന്ത്യയിൽ കാർ വിൽപ്പന അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് അഭ്യന്തര വിപണിയോടു വിട പറഞ്ഞ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് കയറ്റുമതിയിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 45,222 കാർ കയറ്റുമതി ചെയ്യാൻ ജി എമ്മിനായി. 2016 — 17ന്റെ ആദ്യ പകുതിയിൽ കയറ്റുമതി ചെയ്ത 30,613 യൂണിറ്റുമായി താരതമ്യം ചെയ്താൽ 47.72% ആണു വളർച്ച. 

യു എസിൽ നിന്നു തന്നെയുള്ള ഫോഡും ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ മുന്നേറി.  2016 — 17ന്റെ ആദ്യ പകുതിയിൽ 31,467 യൂണിറ്റ് കയറ്റുമതി ചെയ്തത് ഇക്കുറി 34.78% വർധനയോടെ 42,412 എണ്ണമായാണു കമ്പനി ഉയർത്തിയത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിക്കാരിൽ അഞ്ചാം സ്ഥാനത്തായി ഫോഡ് ഇന്ത്യ.