Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂട്ടർ വിൽപ്പനയിൽ മിന്നി ടി വി എസ്

TVS Jupiter ZX

കഴിഞ്ഞ മാസങ്ങളിലെ തകർപ്പൻ വിൽപ്പനയുടെ പിൻബലത്തിൽ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി സ്കൂട്ടർ വിപണിയിലെ രണ്ടാം സ്ഥാനം കൂടുതൽ ശക്തമാക്കുന്നു. ഇതാദ്യമായി പ്രതിമാസ സ്കൂട്ടർ വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനും ടി വി എസിനു കഴിഞ്ഞു; ഓഗസ്റ്റിൽ കൈവരിച്ച ഈ നേട്ടം സെപ്റ്റംബറിൽ ടി വി എസ് ആവർത്തിക്കുകയും ചെയ്തു. 

ഇന്ത്യൻ സ്കൂട്ടർ വിപണിയെ നയിക്കുന്ന ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) മാസം തോറും മൂന്നു ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു കൈവരിക്കുന്നത്. ഓഗസ്റ്റിൽ 1.09 ലക്ഷവും സെപ്റ്റംബറിൽ 1.19 ലക്ഷവും സ്കൂട്ടറുകൾ വിറ്റാണു ടി വി എസ് ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനം ഭദ്രമാക്കിയത്. കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ 3.17 ലക്ഷം സ്കൂട്ടറുകളാണു ടി വി എസ് വിറ്റത്; കഴിഞ്ഞ വർഷം ഇതേ കാലത്തു വിറ്റ 2.17 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 46% അധികമാണിത്. ‘ജൂപ്പീറ്ററി’ന്റെ പുത്തൻ വകഭേദമായ ‘ജുപ്പീറ്റർ ക്ലാസിക്’ കൂടി നിരത്തിലെത്തിയതോടെയാണ് ഓഗസ്റ്റിലും സെപ്റ്റംബറിലും ടി വി എസ് മികച്ച നേട്ടം കൊയ്തത്.

ഇതേ കാലയളവിൽ രാജ്യത്തെ മൊത്തം സ്കൂട്ടർ വിൽപ്പനയാവട്ടെ 19.30 ലക്ഷം യൂണിറ്റായിരുന്നു; 2016 ജൂലൈ — സെപ്റ്റംബർ കാലത്തു വിറ്റ 16.80 ലക്ഷം സ്കൂട്ടറുകളെ അപേക്ഷിച്ച് 15% അധികമാണിത്.

വിൽപ്പന ഉയർന്നതോടെ സ്കൂട്ടർ വിപണിയിൽ ടി വി എസിന്റെ വിഹിതവും വർധിച്ചു; 2016 — 17ന്റെ രണ്ടാം പാദത്തിൽ 12.9% വിപണി വിഹിമുണ്ടായിരുന്നത് കഴിഞ്ഞ മൂന്നു മാസത്തിനിടെ 16.4% ആയിട്ടാണ് ഉയർന്നത്.

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ നേതൃസ്ഥാനം നിലനിർത്തുന്ന ഹീറോ മോട്ടോ കോർപ് സ്കൂട്ടർ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തായി. 2016 ജൂലൈ — സെപ്റ്റംബർ കാലത്ത് കമ്പനിക്ക് 14.1% വിപണി വിഹിതുണ്ടായിരുന്നത് കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ 12.7 ശതമാനമായും കഴിഞ്ഞ മൂന്നു മാസത്തിനിടെ 12.1 ശതമാനമായുമാണു താഴ്ന്നത്.

ഒന്നാം സ്ഥാനത്തുള്ള എച്ച് എം എസ് ഐയുടെ വിപണി വിഹിതത്തിലും നേരിയ ഇടിവുണ്ട്: ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ 59.1% വിഹിതമുണ്ടായിരുന്നത് കഴിഞ്ഞ മൂന്നു മാസക്കാലത്ത് 58.3% ആയാണു കുറഞ്ഞത്.