Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യം റോഡിൽ ഇറക്കിയത് 900 കോടിയുടെ സൂപ്പർ ഹെർക്കുലീസ്

Del6196473 C130J Super Hercules

പരിശീലനത്തിന്റെ ഭാഗമായി ലക്നൗ–ആഗ്ര അതിവേഗ പാതയിൽ രാവിലെ പറന്നിറങ്ങിയത് വ്യോമസേനയുടെ 16 വിമാനങ്ങളാണ്. യുദ്ധ വിമാനങ്ങളായ മിറാഷ് 2000, സുഖോയ് 30എംകെഐ എന്നിവയെക്കൂടാതെ 1000 കോടിയുടെ സി–130 ജെ സൂപ്പർ ഹെർക്കുലീസും ഹൈവേയിലിറക്കി സൈന്യം കഴിവു തെളിയിച്ചു. ലക്നൗവിൽ നിന്ന് 65 കിലോമീറ്റർ അകലെ ബംഗാർമൗ ഭാഗത്തായിരുന്നു ലാൻഡിങ് സ്ട്രിപ്. പാതയിലെ ഗതാഗതം നിയന്ത്രിച്ചായിരുന്നു പരിശീലനം.

c-130j-super-hercule-1s C130J Super Hercules

നേരത്തെ ഡൽഹിക്കു സമീപം യമുന അതിവേഗപ്പാതയിൽ 2015 മേയ് മാസത്തിൽ മിറാഷ് 2000 യുദ്ധവിമാനം ലാൻഡ് ചെയ്തിരുന്നു. പിന്നീടു 2016 നവംബറിൽ ആഗ്ര–ലക്നൗ അതിവേഗ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചും ആറു യുദ്ധവിമാനങ്ങൾ ഹൈവേയിലിറക്കി. സൈനിക ആവശ്യത്തിനു പുറമേ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപകരിക്കുന്നതിനായിരുന്നു പരിശീലനം എന്നാണ് സേന അറിയിച്ചത്.

35,000 കിലോ ഭാരമുള്ള സി–130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം സുരക്ഷിതമായി ഇറക്കുന്നതായിരുന്നു പരിശീലനത്തിലെ പ്രധാന വെല്ലുവിളി. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം മതി എന്നത് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. വൻതോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാം എന്നതിനു പുറമേ ആളുകളെ ഒഴിപ്പിക്കാനും ഹെർക്കുലീസിനു കഴിയുമെന്ന് എയർ മാർഷൽ എസ്.ബി.ഡിയോ പറഞ്ഞു.

സി 130 ജെ സൂപ്പർ ഹെർക്കുലീസ്

പ്രതിരോധ മേഖലയ്ക്കു മുതൽക്കൂട്ടാണ് ഹെർക്കുലീസ് വിമാനങ്ങൾ. 1954 ലാണ് ആദ്യ ഹെർക്കുലീസ് വിമാനം യുണൈറ്റഡ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. തുടർന്നിങ്ങോട്ട് അറുപതു വർഷത്തിനിടെ ഏകദേശം 2500 വിമാനങ്ങളാണ് കമ്പനി വിവിധ രാജ്യങ്ങളിലെ സേനകൾക്കു നിർമിച്ചു നൽകിയത്. ഏകദേശം 63 രാജ്യങ്ങൾ ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവയുടെ രണ്ടാം തലമുറയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ പക്കലുള്ള സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ. നിലവിൽ 16 രാജ്യങ്ങളാണ് സി 130 ജെ സൂപ്പർ വിമാനം ഉപയോഗിക്കുന്നത്.

c-130j-super-hercule-3 C130J Super Hercules

1999 ൽ യുകെയുടെ റോയൽ എയർഫോഴ്സിനാണ് സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ആദ്യമായി ലഭിക്കുന്നത്. നിലവിൽ ഏകദേശം 1186 സി 130 ജെ, സി 130 ജെ –30 വിമാനങ്ങളുടെ ഓർഡർ കമ്പനിക്കു ലഭിച്ചിട്ടുണ്ട് അവയിൽ ഏകദേശം 242 എണ്ണം നിർമിച്ചു നല്‍കി. 2007 ലാണ് ഇന്ത്യൻ എയർഫോഴ്സ് ആറ് സി 130 ജെ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടത്. 2008ൽ 1.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. 2010 ഡിസംബറിൽ ആദ്യവിമാനവും 2011 ‍‍ഡിസംബറിൽ ആറാമത്തെ വിമാനവും ലഭിച്ചു.

വ്യോമസേനയിലെ 'വീല്‍ഡ് വൈപ്പേഴ്‌സ്' സംഘമാണ് ഹെർക്കുലീസ് വിമാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നാണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അറിയപ്പെടുന്നത്. താഴ്ന്നു പറക്കാനുള്ള കഴിവ്, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഹെർക്കുലീസ് വിമാനങ്ങളെ സേനകൾക്കു പ്രിയപ്പെട്ടതാക്കുന്നത്.

C-130J-Super-Hercules C130J Super Hercules

112 അടി നീളവും 38 അടി പൊക്കവുമുണ്ട് സി 130 ജെ വിമാനത്തിന്. 132 അടിയാണ് ചിറകുകളുടെ വിരിവ്. റോൾസ് റോയ്സിന്റെ നാല് എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ആറ് ബ്ലെയ്ഡുകളുണ്ട് ഇവയുടെ പ്രൊപ്പല്ലറുകൾക്ക്. പരമാവധി 74,389 കിലോഗ്രാം വരെ വഹിച്ചുകൊണ്ട് ഈ വിമാനത്തിന് പറന്നുയരാനാവും. മണിക്കൂറിൽ 660 കിലോമീറ്ററാണ് പരമാവധി വേഗത. ഏകദേശം 130 സൈനികരെ ഈ വിമാനത്തിന് വഹിക്കാനാവും.