Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന വിപണി പിടിക്കാൻ ഹോണ്ടയും

honda-cars-logo

ഇന്ത്യയ്ക്ക്  വൈദ്യുത വാഹനങ്ങളോടുള്ള ആഭിമുഖ്യമേറുന്നതു പരിഗണിച്ച് ഈ രംഗത്ത് സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി തയാറെടുക്കുന്നു. പക്ഷേ വൈദ്യുത വാഹന വ്യാപനം സംബന്ധിച്ച വ്യക്തമായ മാർഗരേഖ ലഭ്യമായാൽ മാത്രമേ  ഇത്തരം മോഡലുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണം സാധ്യമാവൂ എന്നും കമ്പനി വെളിപ്പെടുത്തി.

ഹോണ്ടയുടെ പൂർണ ഉടമസ്ഥതയിലുള്ള ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ൽ വൈദ്യുത വാഹനങ്ങളുടെ ഗവേഷണത്തിനായി പ്രത്യേക വിഭാഗം കഴിഞ്ഞ വർഷം മുതൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിൽ 2030 മുതൽ വിൽക്കുന്നതു പൂർണമായും വൈദ്യുത വാഹനങ്ങൾ മാത്രമാവണമെന്ന സർക്കാരിന്റെ നിർദേശം ഹോണ്ടയുടെ ശ്രദ്ധയിലുണ്ടെന്ന് എച്ച് സി ഐ എൽ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനോ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ അത്തരം വാഹനങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾക്കു കമ്പനി തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. 2030 ആകുമ്പോഴേക്ക് ആഗോളതലത്തിലെ മൊത്തം വിൽപ്പനയിൽ മൂന്നിൽ രണ്ടും വൈദ്യുത വാഹനങ്ങളിൽ നിന്നാവുമെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ.

ഈ സാധ്യത പ്രയോജനപ്പെടുത്താൻ വൈദ്യുത വാഹന മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി പ്രത്യേക വിഭാഗം തന്നെ ഹോണ്ട രൂപീകരിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള ബോഡിയും പവർട്രെയ്നും വികസിപ്പിക്കുകയാണ് ഈ വിഭാഗത്തിന്റെ ദൗത്യമെന്നും ഊനൊ വിശദീകരിച്ചു. ഇന്ത്യൻ വിപണിക്കായുള്ള വൈദ്യുത വാഹനങ്ങളുടെ അവതരണം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിൽ നിന്നുള്ള മാർഗരേഖയാണ് ഇതിൽ സുപ്രധാനം. സാങ്കേതിക വിഭാഗത്തിലെ ഏകീകരണവും വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യ വികസനവുമൊക്കെ പ്രാധാന്യം അർഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.