Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി എർട്ടിഗയെ ലക്ഷ്യം വെച്ച് ചെറു എം പി വിയുമായി റെനോ

Dacia Dokker Dacia Dokker, Representative Image

ഇന്ത്യൻ വിപണിക്കു വിവിധോദ്ദേശ്യ വാഹന(എം പി വി) വിഭാഗത്തോടു കാര്യമായ പ്രതിപത്തിയില്ലെങ്കിലും വിട്ടുകൊടുക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ തയാറല്ല.  കോംപാക്ട് എം പി വി പുറത്തിറക്കി ഇന്ത്യയിൽ വീണ്ടും ഭാഗ്യപരീക്ഷണം നടത്താനാണു റെനോയുടെ പദ്ധതി.

ഭാവി പദ്ധതികൾ അനാവരണം ചെയ്ത ‘ഡ്രൈവ് ദ് ഫ്യൂച്ചർ’ അവതരണത്തിലാണു റെനോ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്താനിടയുള്ള കോംപാക്ട് എം പി വി സംബന്ധിച്ച വ്യക്തമായ സൂചന നൽകിയത്. 2017 മുതൽ 2022 വരെയുള്ള വിപണന തന്ത്രമാണു റെനോ പങ്കുവച്ചതെങ്കിലും പുതിയ എം പി വിയുടെ അവരണം എപ്പോഴാവുമെന്നു വ്യക്തമല്ല. നിലവിൽ വിപണിയിലുള്ള ‘ലോജി’യുടെ നീളം കുറഞ്ഞ പതിപ്പായ ‘ഡാഷ്യ ഡോക്കറി’നോടാണു റെനോ പങ്കുവച്ച വാഹനത്തിനു സാമ്യം. അതുകൊണ്ടുതന്നെ രാജ്യാന്തരതലത്തിൽ വിൽപ്പനയ്ക്കുള്ള ‘ഡോക്കർ’ തന്നെയാണ് ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുകയെന്നു ന്യായമായും പ്രതീക്ഷിക്കാം.

അതേസമയം, ‘ഡോക്കറി’നു പകരം ചെലവു കുറഞ്ഞ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം അടിത്തറയാക്കി ‘ആർ ബി സി’ എന്ന കോഡ്നാമത്തിൽ വികസിപ്പിക്കുന്ന പുത്തൻ എം പി വി തന്നെയാവും ഇന്ത്യയിലെത്തുകയെന്നു വിശ്വസിക്കുന്നവരുമുണ്ട്. എൻട്രിലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ തകർപ്പൻ വിൽപ്പന കൈവരിച്ച ‘ക്വിഡി’ന് അടിത്തറയാവുന്ന പ്ലാറ്റ്ഫോമാണ് ‘സി എം എഫ് — എ’. നിലവിലുള്ള മോഡലുകൾ പരിഷ്കരിച്ച് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്ന തന്ത്രത്തിന് ‘ഗോ പ്ലസ്’ പോലുള്ള മോഡലുകളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പുത്തൻ എം പി വി തന്നെയാവും റെനോ അവതരിപ്പിക്കുകയെന്ന വാദത്തിനും കരുത്തേറുന്നുണ്ട്.

ഏഴു പേർക്ക് യാത്രാസൗകര്യമൊരുക്കാൻ മൂന്നു നിര സീറ്റുകളുമായിട്ടാവും പുത്തൻ കോംപാക്ട് എം പി വിയുടെ വരവ്. ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടുന്ന ‘എർട്ടിഗ’യ്ക്കു താഴെയുള്ള വിഭാഗത്തെയാവും റെനോ നോട്ടമിടുക. എം പി വികളോട് ഇന്ത്യയ്ക്കു കാര്യമായ പ്രതിപത്തിയില്ലെന്ന് ‘ലോജി’യുടെ വിൽപ്പനക്കണക്കുകൾ തെളിയിക്കുമ്പോഴും വെല്ലുവിളികളെ അതിജീവിച്ചു വിജയം കൊയ്യാനുള്ള ശ്രമമാണു പുതിയ മോഡലിലൂടെ കമ്പനി നടത്തുക.